
സന്നിധാനം: മണ്ഡലപൂജക്കായി ശബരിമല സന്നിധാനത്ത് എത്തിച്ച തങ്കഅങ്കി ചാര്‍ത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡലപൂജയ്‌ക്കു ചാര്‍ത്താനുള്ള തങ്ക അങ്കി 1973-ല്‍ നടയ്‌ക്കു വച്ചത്.
ചൊവ്വാഴ്ച ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച തങ്കഅങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയോടെ പമ്പയിലെത്തിയപ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയ്‌ക്കു ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കി. എക്സി. ഓഫീസര്‍ ഒ.ജി. ബിജു, അഡ്മി. ഓഫീസര്‍ എസ്. ശ്രീനിവാസ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ശാന്തകുമാര്‍ എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടിക്കു മുകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ്‌കുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തങ്കഅങ്കി ഏറ്റുവാങ്ങി.
എഡിജിപി എസ്. ശ്രീജിത്ത്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ രഞ്ജിത്ത് കെ. ശേഖര്‍ എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്നു സോപാനത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി. ഇ.ഡി. പ്രസാദ് നമ്പൂതിരിയും സഹശാന്തിമാരും ചേര്‍ന്നു തങ്കഅങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.40ന് തങ്കഅങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടര്‍ന്നു ഭക്തര്‍ക്ക് തങ്കഅങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ അവസരവും ഒരുക്കി.