
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗില്‍ മികച്ച പ്രതികരണം. ഉച്ചയ്‌ക്ക് 12 വരെയുള്ള കണക്കു പ്രകാരം 40.09 % പോളിംഗ് രേഖപ്പെടുത്തി. തൃശൂര്‍ (39.58 %), മലപ്പുറം (42.02 %), വയനാട് (39.99%), കാസര്‍ഗോഡ് (38.94%), പാലക്കാട് (40.87 %), കോഴിക്കോട് (40.24 %), കണ്ണൂര്‍ (38.73%) പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ നെടുപുഴയിൽ കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നതോടെ പോളിങ് അൽപ്പസമയം തടസപ്പെട്ടു. തൃശൂർ, നെടുപുഴ പോളിടെക്നിക്കിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്തതായി ആരോപണം ഉയർന്നത്. നെടുപുഴ സ്വദേശി പ്രദീപ് എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തതെന്നാണ് സഹോദരന്റെ ആരോപണം. കോർപ്പറേഷൻ ഡിവിഷൻ 45ലെ ബൂത്ത് ഒന്നാലാണ് കള്ളവോട്ട് നടന്നതായി പരാതിയുള്ളത്. പ്രദീപിന് പകരം ടെൻഡർ വോട്ട് അനുവദിച്ച് പ്രിസൈഡിങ് ഓഫീസർ.
ഒരാള്‍ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടര്‍ന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. എടത്തിരുത്തി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിംഗ് തടസപ്പെട്ടത്. ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. 246 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍ മെഷീനില്‍ 247 വോട്ടാണ് കാണിച്ചത്.
അവസാനം വോട്ട് ചെയ്ത ആള്‍ ബീപ് ശബ്ദം വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാല്‍ ഇയാള്‍ക്ക് രണ്ടാമതും വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനില്‍ രേഖപ്പെട്ടിരുന്നു. പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ആറംകുളം എട്ടാം വാർഡിലെ വോട്ടിങ് മെഷീൻ തകരാറിലായതോടെ രണ്ട് മണിക്കൂറിലേറെ വോട്ടിങ് തടസപ്പെട്ടു. രാവിലെ 08:55നാണ് മെഷീന്റെ തകരാറ് മൂലം പോളിങ് നിർത്തിവച്ചത്. 75 വോട്ടുകളാണ് ഈ മെഷീനിൽ ചെയ്തിരുന്നത്. അതിനുശേഷം പോളിങ് നിർത്തിവയ്‌ക്കേണ്ടിവന്നു.
കാസർകോട് പടന്ന പഞ്ചായത്തിൽ യന്ത്ര തകരാറിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തി. പടന്ന പഞ്ചായത്ത് പതിനാലാം വാർഡിലെ ബൂത്തിലാണ് യന്ത്ര തകരാർ. 267 വോട്ടുകൾ പോൾ ചെയ്തതിന് ശേഷമാണ് മെഷീൻ തകരായത്. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് വാർഡിൽ വോട്ടെടുപ്പ് തടസപ്പെട്ടു. വോട്ടിങ് മെഷീൻ തകരാറിനെ തുടർന്നാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. വോട്ടർമാരിൽ പലരും വോട്ട് ചെയ്യാതെ മടങ്ങി പോയി.