
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബർ 11നും നടക്കും. ഇതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും.
1199 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 28413061 വോട്ടർമാരിൽ 13412470 പുരുഷ വോട്ടർമാരും 15018010 സ്ത്രീ വോട്ടർമാരും 281 ട്രാൻസ് ജെൻഡർ വോട്ടർമാരുമാണുള്ളത്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 70,000 പോലീസുകാർ ഉൾപ്പടെ രണ്ടര ലക്ഷത്തോളം ജീവനക്കാർ തെരെഞ്ഞെടുപ്പ് ജോലികളിൽ പങ്കെടുക്കും. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്.
പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. പല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലാണ് കോൺഗ്രസ് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്നലെ വൈകീട്ട് ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് നടക്കും. 101 വാർഡുകളിലേയും സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. ഘടകക്ഷികളുമായുള്ള ചർച്ചകളും പൂർത്തിയായി.