• Tue. Oct 14th, 2025

24×7 Live News

Apdin News

തദ്ധേശ സ്ഥാപനങ്ങളുടെ സ്ഥിതി ജാതകത്തിലെ ‘രാജയോഗം’ പ്രയോഗം പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ – Chandrika Daily

Byadmin

Oct 14, 2025


മഞ്ചേരി: കേരളത്തിലെ തദ്ധേശ സ്ഥാപനങ്ങളുടെ സ്ഥിതി ജാതകത്തിലെ ‘രാജയോഗം’ പ്രയോഗം പോലെയാണെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മഞ്ചേരി നഗരസഭയുടെ ബസ് ബേ സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

രാജയോഗമാണെന്നും രാജാവിനെ പോലെ ജീവിക്കുമെന്നും ജാതകത്തിന്റെ ആദ്യപേജിലുണ്ടാകും. മൂന്ന്, നാല് പേജുകള്‍ മറിക്കുമ്പോള്‍ അത് അനുഭവിക്കാന്‍ ഭാഗ്യം ഉണ്ടാവില്ലെന്നും എഴുതിയിട്ടുണ്ടാകും. ഇതേ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ധേശ സ്ഥാപനങ്ങളോട് പെരുമാറുന്നത്. പണം അനുവദിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയും. എന്നാല്‍ നല്‍കുന്ന പണം പേപ്പറിലാണ്, അനുഭവിക്കാന്‍ പറ്റില്ല. ട്രഷറി അടച്ചിടുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കുക. അക്കൗണ്ടിലുള്ള തുക എടുക്കാനാകാതെ തദ്ധേശ സ്ഥാപനങ്ങളെ ദുരിതത്തിലാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. താന്‍ ഈ രീതിയെ കളിയാക്കുകയല്ല, ഖജനാവ് കാലിയായ സര്‍ക്കാറിന് ഇത്രയൊക്കെ ചെയ്യാനെ പറ്റൂവെന്നും സതീശന്‍ പരിഹസിച്ചു.

സര്‍ക്കാര്‍ പ്രയാസപ്പെടുത്തിയിട്ടും മനോഹരമായ ബസ് ബേ സമുച്ചയം ഒരുക്കിയ നഗരസഭയെ അഭിനന്ദിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. മഞ്ചേരി നഗരസഭ അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എ അധ്യക്ഷനായി. 9.5 കോടി രൂപ ചെലവഴിച്ച് 38,167 ചതുരശ്ര വിസ്തൃതിയാണ് പുതിയ കെട്ടിടം സജ്ജമാക്കിയത്. ഗ്രൗണ്ട് ഫ്‌ലോര്‍ അടക്കം മൂന്ന് നിലകളിലായാണ് ഷോപ്പിങ് കോംപ്ലക്‌സ്. അപകടാവസ്ഥയിലായിരുന്ന നിലവിലെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കി. താഴത്തെ നിലയില്‍ 34 മുറികളും ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 30 വീതം മുറികളും ഉണ്ട്. 29 ശുചിമുറികളും സജ്ജമാക്കി. നിലവിലുണ്ടായിരുന്ന കെട്ടിടത്തിലെ പഴയ കച്ചവടക്കാരെ പുതിയ കെട്ടിടത്തിലേക്ക് പുനരധിവസിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ ഓണ്‍ലൈനായി പ്രസംഗിച്ചു.

എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി.കെ ബഷീര്‍, പി.ഉബൈദുല്ല, ടി.വി. ഇബ്രാഹീം, ആര്യാടന്‍ ഷൗക്കത്ത്, ചെയര്‍പേഴ്‌സന്‍ വി.എം സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ എന്‍.കെ ഖൈറുന്നീസ, എല്‍.സി ടീച്ചര്‍, റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, സി.സക്കീന, കൗണ്‍സിലര്‍ കണ്ണിയന്‍ അബൂബക്കര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ ഇസ്ഹാഖ് കുരിക്കള്‍, മുന്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് നിവില്‍ ഇബ്രാഹീം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പറമ്പന്‍ റഷീദ്, കബീര്‍ നെല്ലിക്കുത്ത്, കെ.കെ.ബി മുഹമ്മദലി, ഹനീഫ മേച്ചേരി, അല്‍ സബാഹ് ബാപ്പുട്ടി, മുനിസിപ്പല്‍ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്‌റഫ്, അല്‍സബാഹ് ബാപ്പുട്ടി പ്രസംഗിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ പി. നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



By admin