
ആലുവ: വെളിയത്ത്‌നാട് തന്ത്രവിദ്യാപീഠത്തിന്റെയും മഹര്‍ഷി സാന്ദീപനി രാഷ്‌ട്രീയ വേദവിദ്യാ പ്രതിഷ്ഠാനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്ന വേദ വിദ്വത്‌സദസ് സമാപിച്ചു. തന്ത്രവിദ്യാപീഠം സ്ഥാപകനും ആത്മീയ ആചാര്യനുമായിരുന്ന പി. മാധവ്ജി ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് വിദ്വത് സദസ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം തൃശൂര്‍ നടുവില്‍ മഠം സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി സ്വാമി ഉദ്ഘാടനം ചെയ്തു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ബ്രഹ്മസ്വം മഠം വേദിക് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ സി.എം. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. ഹരീഷ് രചിച്ച ശ്രീചക്രസാധന എന്ന ഗ്രന്ഥം തന്ത്രവിദ്യാപീഠം കുലപതി മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയില്‍ നിന്നും സ്വീകരിച്ച് പ്രൊഫ. ഗീതാകുമാരി പ്രകാശനം ചെയ്തു.
തന്ത്രവിദ്യാപീഠം മുഖ്യാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ജന്മദിനമായ ഇന്ന് ആചാര്യസ്മൃതി ദിനമായി ആചരിക്കും. രാവിലെ 7 ന് തന്ത്രവിദ്യാപീഠം കുലപതി മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗുരുപൂജയും തുടര്‍ന്ന് കാസര്‍കോട് യോഗീശ ശര്‍മയുടെ നേതൃത്വത്തില്‍ സംഗീത സദസും അരങ്ങേറും. തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ മുന്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. താന്ത്രികാചാര്യന്‍ കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, വേദപണ്ഡിതന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരി, അക്ഷരശ്ലോക വിദഗ്ധന്‍ വി. രാമചന്ദ്ര അയ്യര്‍ എന്നിവര്‍ക്ക് ആചാര്യ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.
കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ഗുരുവായൂര്‍ കാമ്പസുമായി സഹകരിച്ച് തന്ത്രവിദ്യാപീഠം നടത്തുന്ന ആഗമതന്ത്ര ശാസ്ത്ര സെമിനാറിന്റെ ഉദ്ഘാടനം അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസ് ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ നിര്‍വഹിക്കും. തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ്, കീഴ്‌ത്താമരശ്ശേരി രമേശന്‍ ഭട്ടതിരി എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞ വര്‍ഷം തന്ത്രരത്‌നം ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് സതീശന്‍ ഭട്ടതിരി, പുടയൂര്‍ ജയനാരായണന്‍, ഡോ. കോറമംഗളം കൃഷ്ണകുമാര്‍, ഡോ. വി. വി. അനില്‍കുമാര്‍, നാരായണന്‍ പെരിയത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും.