
കൊച്ചി: തന്ത്രിയുടെ അറസ്റ്റിലൂടെ ശബരിമല സ്വര്‍ണക്കൊള്ള ഒതുക്കാനുള്ള ശ്രമമാണ് എസ്‌ഐടി നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു.
തന്ത്രിയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം ശരിയാണെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിന് ലഭിക്കണം എന്ന് തന്നെയാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എന്നാല്‍ തന്ത്രിയുടെ അറസ്റ്റ് മന്ത്രി അടക്കമുള്ള മറ്റ് ഉന്നതരുടെ പങ്കില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ച് വിടാനുള്ള കുറുക്കു വഴിയായി മാറരുത്. സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനത്തിന് വിധേയനായ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുമ്പോഴാണ് എസ്‌ഐടി അപ്രതീക്ഷിത നീക്കത്തിലൂടെ തന്ത്രിയെ അറസ്റ്റ് ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി എന്നിവര്‍ക്ക് കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അവിശുദ്ധബന്ധം വ്യക്തമായിട്ടും എസ്‌ഐടി അവരെ രക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ ദുരൂഹതയുണ്ട്.
എസ്‌ഐടിയില്‍ നിയമിക്കപ്പെട്ട രണ്ട് പുതിയ അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം സര്‍ക്കാരിന്റെ താത്പര്യത്തിനനുസരിച്ച് അന്വേഷണം വഴിതിരിച്ച് വിടാനാണ് എന്ന ആരോപണം ശരിവയ്‌ക്കുന്ന നടപടിയായിട്ടാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.
സോണിയാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള ബന്ധം എന്തിന് വേണ്ടിയായിരുന്നു എന്ന് എസ്‌ഐടി അന്വേഷിച്ചിട്ടില്ല. വിചാരണ വേളയില്‍ പ്രതികള്‍ക്ക് നിഷ്പ്രയാസം രക്ഷപ്പെടാനുള്ള പഴുതുകളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സിബിഐ അന്വേഷണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. ജനശ്രദ്ധ ആകര്‍ഷിക്കുന്ന ചില വിവാദ നടപടികള്‍ സ്വീകരിച്ച് കണ്ണില്‍ പൊടിയിട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് എസ്‌ഐടി ശ്രമിക്കുന്നതെന്നും ബാബു ആരോപിച്ചു.