
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
‘കേസില്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ വലിയ രാഷ്‌ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നില്‍’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായ സമരമെന്ന നിലയില്‍ ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കും. എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
കൊള്ളയ്‌ക്ക് പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കൊള്ളയുടെ യഥാർഥ വിവരങ്ങൾ മറച്ചുവയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടാണ് ക്ഷേത്രത്തിലെ സ്വർണം അപഹരിച്ചതിന് പിന്നിലുള്ളത്. ഇതിന്റെ യഥാർഥ അന്വേഷണം നടക്കേണ്ടത് രാഷ്‌ട്രീയ നേതാക്കളിലേക്കാണ്. തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ കോടതി തീരുമാനിക്കട്ടെ. എന്നാൽ കൊള്ളയ്‌ക്ക് പിന്നിലെ രാഷ്‌ട്രീയ ബന്ധം ജനങ്ങൾ അറിയേണ്ടതുണ്ട്.
ഭക്തർ ഭഗവാന് സമർപ്പിച്ച സ്വർണം കവർന്ന കേസിൽ ക്ഷേത്രം തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. ക്ഷേത്രത്തിന്റെ ഉത്തരവാദിത്തമുള്ള മന്ത്രിയെ അറസ്റ്റ് ചെയ്യാതെ തന്ത്രിയെ മാത്രം വേട്ടയാടുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോൺഗ്രസും ഒത്തുചേർന്നാണ് ഈ കൊള്ളയ്‌ക്ക് നേതൃത്വം നൽകുന്നത്. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർക്കാനാണ് ഇവരുടെ ശ്രമം. തന്ത്രിയെ വേട്ടയാടുമ്പോൾ യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ശബരിമലയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ദേവസ്വം വകുപ്പും സർക്കാരും ഇത്തരം ക്രിമിനൽ നടപടികൾക്ക് കൂട്ടുനിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.