
ഫരീദാബാദ്: ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള സ്ഫോടനത്തെത്തുടർന്ന് ഭീകരവാദ സംഘത്തിന്റെ ഓരോ തലവും പുറത്തുകൊണ്ടുവരാൻ ഫരീദാബാദ് പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. അറസ്റ്റിലായ ഡോക്ടർ മുസമ്മിലിനൊപ്പം പ്രവർത്തിച്ച ഫാക്കൽറ്റി അംഗങ്ങളെയും സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിനെയും പോലീസ് ചോദ്യം ചെയ്തു. ഭീകരവാദ സംഘവുമായി ബന്ധപ്പെട്ട് ഫരീദാബാദ് പോലീസ് ആറ് പേരെ കസ്റ്റഡിയിലെടുത്തും ചോദ്യം ചെയ്തുവരികയാണ്. ഈ കേസിൽ ഇതുവരെ 52 ലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
അതേ സമയം ഫരീദാബാദിൽ അറസ്റ്റിലായ ജെയ്ഷ തീവ്രവാദ ബന്ധമുള്ള വനിതാ ഡോക്ടറായ ഷഹീൻ ലഖ്‌നൗവിലെ ലാൽബാഗിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഷഹീന്റെ കുടുംബം ലഖ്‌നൗവിലെ കാണ്ഡഹാരി ബസാറിലെ 121-ാം നമ്പർ വീട്ടിലാണ് താമസിച്ചിരുന്നത്.
” ഷഹീന്‍ ഉള്‍പ്പെടെ തനിക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകന്‍ ഷോയിബ് തന്നോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. തിങ്കളാഴ്ച അറസ്റ്റിലായ രണ്ടാമത്തെ കുട്ടിയാണ് ഷഹീന്‍. പഠിക്കാൻ മിടുക്കിയായ ഷഹീന്‍ പ്രയാഗ്‌രാജിലാണ് വൈദ്യശാസ്ത്രം പഠിച്ചത്. ചൊവ്വാഴ്ച രാവിലെ വീട് റെയ്ഡ് ചെയ്യപ്പെട്ടത് മറ്റൊരു മകന്‍ പര്‍വേസിന്റെ ആണ് , അയാൾ മൂന്നാമത്തെയാളാണ് ” – പിതാവ് പറഞ്ഞു.
കൂടാതെ മകൾ വളരെക്കാലം മുമ്പ് ഇവിടെ നിന്ന് പോയതാണെന്ന് ഷഹീന്റെ പിതാവ് പറഞ്ഞു. അവൾ മഹാരാഷ്‌ട്രയിൽ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചു. തുടർന്ന് ഫരീദാബാദിൽ ജോലി ചെയ്യുകയായിരുന്നു. ഇതിന് ഇടയിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.