• Sun. Feb 2nd, 2025

24×7 Live News

Apdin News

തപസ്യ സുവര്‍ണോത്സവം ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യും

Byadmin

Feb 2, 2025


കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണോത്സവ പരിപാടികളുടെ ഉദ്ഘാടനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നി
ര്‍വഹിക്കും. 4ന് എറണാകുളം രാജേന്ദ്ര മൈതാനത്ത് വൈകിട്ട് 3ന് ആരംഭിക്കുന്ന പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍ അധ്യക്ഷനാകും.

സംസ്‌കൃതി നഗറില്‍ (രാജേന്ദ്ര മൈതാനം) നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ താളവാദ്യലയത്തിനും ഗാന നൃത്തശില്‍പത്തിനും ശേഷം വൈകിട്ട് 5.15ന് ഡോ. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തും. സമ്മേളന വേദിയില്‍ തപസ്യ സ്ഥാപകന്‍ എം.എ. കൃഷ്ണനെ ആദരിക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പങ്കെടുക്കും. തുടര്‍ന്ന് കേരളത്തിലെ കലാസാഹിത്യരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 15 പ്രതിഭകളെ ആദരിക്കും. കാനായി കുഞ്ഞിരാമന്‍, ആഷാ മേനോന്‍, സദനം കൃഷ്ണന്‍കുട്ടി, പി. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം ക്ഷേമാവതി, ഔസേപ്പച്ചന്‍, തിരുവിഴ ജയശങ്കര്‍, രാമചന്ദ്ര പുലവര്‍, ഉദയ് കൃഷ്ണ, ശ്രീമന്‍ നാരായണന്‍, ടി. കലാധരന്‍, എം.കെ. ദേവരാജന്‍, തീയാടി രാമന്‍ എന്നിവരെയാണ് ആദരിക്കുക.

സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ മൈസൂര്‍ മഞ്ജുനാഥ് ആശംസയര്‍പ്പിക്കും. പി. പരമേശ്വര്‍ജിയെ അനുസ്മരിച്ച് തപസ്യ സംസ്ഥാന സമിതിയംഗം ഡോ. ലക്ഷ്മീദാസ് കാവ്യാലാപനം നടത്തും. തുടര്‍ന്ന് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടന പ്രസംഗം നടത്തും.
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും സുവര്‍ണോത്സവം സ്വാഗതസംഘം ജന. കണ്‍വീനറുമായ പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതം ആശംസിക്കും. തപസ്യ സംസ്ഥാന ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ നന്ദി പറയും. ഉദ്ഘാടന സമ്മേളനത്തിനുശേഷം തൃപ്പൂണിത്തുറ ഗവ. ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന ഭാവയാമി എന്ന നൃത്തശില്‍പവും അരങ്ങേറും.

പത്രസമ്മേളനത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, സംഘടന സെക്രട്ടറി രജിത് കുമാര്‍, ജില്ലാ സെക്രട്ടറി രാജീവ് കെ.വി., സംസ്‌കാര്‍ ഭാരതി ദേശീയസമിതി അംഗം ലക്ഷ്മി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

4ന് ഉച്ചയ്‌ക്ക് 1.50ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അഞ്ചാം തിയതി സംഘടനാപരമായ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം വൈകിട്ട് 4.15ന് ചെറുകോല്‍പ്പുഴ ഹിന്ദുമഹാ സമ്മേളനത്തിലും പങ്കെടുക്കും. 6ന് 3.50ന് അദ്ദേഹം മടങ്ങും.



By admin