
ചെന്നൈ: തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ അരിവാൾ കൊണ്ട് വെട്ടി വീഴ്‌ത്തിയ ശേഷമായിരുന്നു പീഡനം. പീലമേടിനടുത്തുളള സ്വകാര്യ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയാണ് പീഡനനത്തിനിരയായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വൃന്ദാവൻ നഗറിൽ സുഹൃത്തുമായി കാറിൽ സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിയശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരിക്കേറ്റ യുവാവ് പോലീസിൽ വിവരം അറിയിച്ച തോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തെരച്ചിലിൽ പെൺകുട്ടിയെ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കോളേജിനു പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും കണ്ടെത്തി.
പുലർച്ചെ നാലുമണിയോടെയാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിൽപാളയത്തിന് സമീപത്തുനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാൻ ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും പരിക്കേറ്റ യുവാവിനെ ചികിത്സയ്‌ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ രംഗത്തെത്തി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഈ സംഭവത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പെൺകുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അണ്ണാമലൈ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.