
ചെന്നൈ: തമിഴ്നാട്ടില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലഹരിയുണര്‍ത്തി, ഡിഎംകെയുടെ കുടുംബവാഴ്ചയെ വെല്ലുവിളിച്ച് തമിഴ്നാടിന്റെ കളം നിറഞ്ഞ് മോദി. തമിഴ്‌നാട്ടിൽ നടന്ന എൻഡിഎ റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അഴിച്ചുവിട്ടത്.
വേദിയില്‍ 12 പ്രതിപക്ഷപാര്‍ട്ടികളെ ചേര്‍ത്തുള്ള ശക്തമായ മുന്നണിയായ എന്‍ഡിഎ ഇക്കുറി ഭരണം പിടിക്കുമെന്നും മോദി പറഞ്ഞു. പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ, ടിടിവി ദിനകരന്റെ എംഡിഎംകെ, അമ്പുമണി രാമദോസിന്റെ പട്ടാളി മക്കള്‍ കച്ചി, ജി.കെ. വാസന്റെ ടിഎംസി എന്നിവരുള്‍പ്പെടെ 12 പാര്‍ട്ടി നേതാക്കള്‍ വേദിയില്‍ മോദിയ്‌ക്കൊപ്പം കൈകോര്‍ത്തു നിന്നപ്പോള്‍ അത് ഡിഎംകെ ശക്തിയെ വെല്ലുവിളിക്കുന്ന കരുത്തായി മാറി.
കുടുംബവാഴ്ചാ രാഷ്‌ട്രീയം, അഴിമതി, സ്ത്രീകളോടുള്ള അനാദരവ്, തമിഴ് സംസ്കാരത്തിന്റെ നാശം എന്നിവയാണ് ഡിഎംകെയുടെ അധികാര വഴികളെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം രീതികൾ സംസ്ഥാനത്തിന്റെ വികസനത്തെയും മൂല്യങ്ങളെയും ദോഷകരമായി ബാധിച്ചുവെന്നും, സ്ത്രീകളോടുള്ള ബഹുമാനത്തിലും സാംസ്കാരിക അഭിമാനത്തിലും ഊന്നിയ വികസന മാതൃകയാണ് എൻഡിഎ മുന്നോട്ടുവെക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമാണ് പ്രധാനമന്ത്രി നൽകിയത്. തിരുവനന്തപുരത്ത് നടന്ന വമ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ വരവേറ്റത്. സന്ദർശനത്തിന്റെ ഭാഗമായി വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട അദ്ദേഹം നാല് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.