• Mon. Oct 14th, 2024

24×7 Live News

Apdin News

തമിഴ്‌നാട് സ്വദേശി ട്രെയിനിൽനിന്ന് വീണുമരിച്ച സംഭവം; കരാർ ജീവനക്കാരൻ കുറ്റം സമ്മതിച്ചു

Byadmin

Oct 14, 2024


കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ ശരവണന്‍ ആണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. മംഗലൂരു – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇയാള്‍ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാള്‍ തള്ളിയിടുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെന്നൈ ഓള്‍ഡ് പള്ളാപുരം സ്വദേശിയായ ശരവണന്‍ ആണെന്ന് വ്യക്തമായത്.

ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നല്‍കിയിരുന്നു. ട്രയിനിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരനായ അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്.

കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണന്‍. ചെന്നൈയിലേക്ക് മടങ്ങാനായി ജനറല്‍ ടിക്കറ്റാണ് എടുത്തിരുന്നത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനില്‍ കയറി. ജനറല്‍ ടിക്കറ്റുമായി എസി കമ്പാര്‍ട്‌മെന്റില്‍ കയറിയ ശരവണിനോട് ഇറങ്ങാന്‍ അനില്‍ കുമാര്‍ ആവശ്യപെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അനില്‍ കുമാര്‍ ശരവണനെ പിടിച്ചു തള്ളി. ഇതാണ് മരണ കാരണം. ശരവണന്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

By admin