• Sun. May 18th, 2025

24×7 Live News

Apdin News

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

Byadmin

May 17, 2025


തിരുവനന്തപുരം: തമ്പാനൂരും പരിസരവും ചോരക്കളമാകുന്നു. കാല്‍നടയാത്രക്കാരുടെ ചുടുരക്തം വീണ് മണ്ണ് കുതിര്‍ന്നിട്ടും നിസംഗതയോടെ അധികൃതര്‍. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിലേക്ക് ബസുകള്‍ കയറുന്നത്.

പ്രധാന റോഡിലെ ഗതാഗതം പോലും താറുമാറാക്കിയാണ് കെഎസ്ആര്‍ടിസി ബസുകള്‍ പലപ്പോഴും സ്റ്റാന്‍ഡിനുള്ളിലേക്ക് പ്രവേശിക്കുന്നത്. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും പലപ്പോഴും അത്ഭുതകരമായാണ് അപകടത്തില്‍ നിന്നു രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അപകടം കെഎസ്ആര്‍ടിസി ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടായതാണ്. അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ രക്തസാക്ഷിയാണ് തമ്പാനൂര്‍ ടെര്‍മിനലില്‍ കഴിഞ്ഞ ദിവസം ബസിനും തൂണിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് ദാരുണമായി മരണപ്പെട്ട ബസ് കയറാനെത്തിയ കരമന ഐക്കരവിളാകം മസ്ജിദ് റോഡ് ടി.സി 20/2334, ബിസ്മി മന്‍സിലില്‍ നബീസത്ത് (47). കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ പ്രവേശന കവാടത്തിന് സമീപം കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ പുറപ്പെടുന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ആരും ഇവിടെയുണ്ടായിരുന്നില്ല.

അപകടങ്ങള്‍ തുടര്‍ച്ചയായ ടെര്‍മിനലില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന വളരെനാളായുള്ള ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടയ്‌ക്കുകയാണ്. എന്നാല്‍ അപകടത്തിന് ശേഷം ഒരു സുരക്ഷാ ജീവനക്കാരനെ ഈ ഭാഗത്ത് നിയോഗിച്ചിട്ടുണ്ട്. ബസ് ടെര്‍മിനലിലേക്കുള്ള പ്രവേശന കവാടത്തിനു സമീപം ഗതാഗതം നിയന്ത്രിക്കാന്‍ പലപ്പോഴും ട്രാഫിക് പോലീസുകാര്‍ ഉണ്ടാകാറില്ല.

ഇന്ത്യന്‍ കോഫീ ഹൗസിനോടു ചേര്‍ന്നിരിക്കുന്ന ഓട്ടോ സ്റ്റാന്‍ഡിന് സമാന്തരമായി അനധികൃതമായി പാര്‍ക്ക് ചെയ്ത് സവാരിയെടുക്കുന്ന ഓട്ടേറിക്ഷകളും തമ്പാനൂരില്‍ അപകടസാധ്യതയും ഗതാഗതകുരുക്കും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പഴയ ബസ് ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ആറ്റിങ്ങല്‍, വിഴിഞ്ഞം ഭാഗത്തേക്കുള്ള ബസുകള്‍ ഇപ്പോള്‍ ചൈത്രം ഹോട്ടലിന് എതിര്‍വശത്ത് നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതും തമ്പാനൂരിലെ ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുന്നു.

സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. രാവിലെയും വൈകിട്ടും ടെര്‍മിനലിലേക്കു പ്രവേശിക്കാന്‍ ബസുകള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ പലപ്പോഴും തമ്പാനൂര്‍ ഭാഗത്ത് രൂക്ഷമായ ഗതാഗതകുരുക്ക് ഉണ്ടാകാറുണ്ട്. ഇതിനിടയിലൂടെയാണ് വഴിയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത്. ഗതാഗതകുരുക്കില്‍ കിടക്കുന്ന ബസിന് തൊട്ടു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നവരെ ബസ് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ടെര്‍മിനലിനുള്ളില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ വേണ്ടണ്ടസ്ഥലമില്ലാത്തത് കാരണം ടെര്‍മിനലിലേക്ക് പ്രവേശിക്കാന്‍ ബസുകള്‍ കാത്തുകിടക്കുന്നത് ഗതാഗതം താറുമാറാക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ടെര്‍മിനല്‍ പരിസരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.



By admin