ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചു. നടന്‍ ശ്രീനാഥ് ഭാസി ഇടപാടിനായി ഉപയോഗിച്ചത് മറ്റൊരു സിം കാര്‍ഡായിരുന്നുവെന്നും പെണ്‍ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാര്‍ഡെന്നും എക്‌സൈസിന് വിവരം ലഭിച്ചു. പെണ്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.
എന്നാല്‍ നടന്റെ പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുന്‍പ് വിദേശയാത്ര നടത്തിയതായും കണ്ടെത്തി. ഇതോടെ ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവര്‍ വഴിയാണോ എന്ന സംശയവും നിലനില്‍ക്കുന്നു.
ബാംഗ്ലൂരില്‍ നിന്ന് തസ്ലീമ എറണാകുളത്തെത്തി മൂന്നു ദിവസം തങ്ങിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇവര്‍ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. അതേസമയം മലയാള സിനിമയിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമ മൊഴി നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ശ്രീനാഥ് ഭാസി പിന്‍വലിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ചയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നെന്നാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.
ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു.