• Thu. Feb 13th, 2025

24×7 Live News

Apdin News

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ

Byadmin

Feb 9, 2025


വര്‍ഷം 2011 ഡല്‍ഹിയും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലം. ബി.ജെ.പി ഐ.ടി സെല്ലിന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയും സാമൂഹിക മാധ്യമങ്ങളും സ്വന്തമാവാത്ത അക്കാലത്ത് കോണ്‍ഗ്രസിനെ ഇറക്കാന്‍ എന്തുണ്ട് വഴി എന്ന ആലോചനയില്‍ നിന്നാണ് ആര്‍.എസ്.എസിന്റെ തിങ്ക്ടാങ്കായ ബുദ്ധിജീവികളുടെ കൂട്ടായ്മയായ വിവേകാനന്ദ ഫൗണ്ടേഷന്റെ ആശീര്‍വാദത്തോടെ ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടന ഒരു പ്രക്ഷോഭവുമായി എത്തുന്നത്. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ മുഖമായി വിവേകാനന്ദ ഫൗണ്ടേഷന്‍ മുന്നില്‍ നിര്‍ത്തിയ ആളുടെ പേര് അരവിന്ദ് കേജരിവാള്‍ എന്നായി രുന്നു. വിവേകാനന്ദ ഫൗണ്ടേഷന് അന്ന് നേത്യത്വം നല്‍കിയ വ്യക്തിയും ഇന്ന് രാജ്യത്തിന് സുപരി ഡോവല്‍, പദവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ ആര്‍.എസ്.എസിന്റെ ആയുധമായി മുന്നില്‍ നിര്‍ത്തിയ ചാവേറായിരുന്നു അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ മുഖ്യ മതേതര പാര്‍ട്ടിയുടെ ഭരണത്തില്‍ ജനോപകാരപ്രദമായ ഒരുപാട് പദ്ധതികള്‍ പച്ചപിടിച്ചു തുടങ്ങിയതോടെ ഇനി ഭരണം സ്വപ്നം കാണാനാവില്ലെന്ന് കരുതിയേടത്ത് നിന്നും ആരോപണങ്ങള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷനിലൂടെ പുറത്തേക്ക് വന്നു.

ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാംലീല മൈതാനത്ത് അണ്ണാഹസാരെയ്ക്കൊപ്പം നടത്തിയ നാടകത്തിന്റെ അനന്തര ഫലമാണ് ഇന്ന് മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ക്കനുസരിച്ച് നടക്കുന്ന കേന്ദ്രഭരണം. അധിക അവകാശവാദങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനെ ആക്ഷേപിക്കലായിരുന്നു അക്കാലത്ത് കെജ്രിവാളിന്റേയും അദ്ദേഹം പില്‍ക്കാലത്ത് രൂപം നല്‍കിയ ആംആദ്മി പാര്‍ട്ടിയുടേയും മുഖ്യപണി. ആരോപണ കുന്തമുനകളെല്ലാം കോണ്‍ ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വിടുന്നതില്‍ മിടുക്ക് കാണിച്ച കൗശലക്കാരനെ വെച്ച് ബി.ജെ.പി പതിയെ ഗ്രൗണ്ടില്‍ കാലുറപ്പിച്ചുവെന്ന് പറയാം. പിന്നീട് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. അഴിമതിക്കെതിരെ എന്ന വ്യാജേന കെട്ടിപ്പൊക്കിയ പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെ തന്നെ. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേരിലും പ്രവൃത്തിയിലും സാധാരണക്കാര്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് നിലവില്‍ വന്നൊരു പാര്‍ട്ടി നേതാവായി ജന്‍ലോക് പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ സമരത്തിനിറങ്ങയ അണ്ണാ ഹസാരെയുടെ ബുദ്ധികേന്ദ്രമായിരുന്ന അരവിന്ദ് കെജ്രിവാള്‍ ഇന്‍കം ടാക്സ് ജോയിന്റ് കമ്മിഷണര്‍ സ്ഥാനമുപേക്ഷിച്ചിറങ്ങിയ കെജ്രിവാളിന് കൂട്ടായി മനീഷ് സിസോദിയ ഉള്‍പ്പടെ പ്രഫഷണലുകളുടെ നീണ്ട നിര. 2012 നവംബര്‍ 25നു പാര്‍ട്ടി നിലവില്‍ വന്നു, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ചായിരുന്നു പാര്‍ട്ടി രൂപവത്കരണം. അഴിമതിക്കെതിരായ കുരിശുയുദ്ധമായിരുന്നു പാര്‍ട്ടിയുടെ മുഖമുദ്ര. വിലക്കയറ്റം, സ്ത്രീസുരക്ഷ, വികസനം അങ്ങിനെ ജനകിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രക്ഷോഭം കടുപ്പിച്ചു ഇവര്‍ ഒപ്പമുണ്ടാകുമെന്ന് ഡല്‍ഹി ജനതയും വിശ്വസിച്ചതോടെ ആം ആദ്മി പാര്‍ട്ടിയുടെ കരങ്ങളിലേക്ക് അധികാരവുമെത്തി.

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെ അസ്ഥിവാരമിളക്കിയായിരുന്നു ആപ്പിന്റെ പടയോട്ടം. ഡല്‍ഹിയില്‍ ഷില ദീക്ഷിതിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കി മുഖ്യമന്ത്രിക്കസേരയില്‍ കെജ്രിവാളെത്തി. ബി.ജെ.പിയുടെ ബി ടീമെന്ന ചീത്തപ്പേര് മാറ്റാനായി പിന്നീട് ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ മുന്നണിയുണ്ടാക്കാനായി ശ്രമം. അപ്പോഴും ബിജെപിയായിരുന്നില്ല ആംആദ്മി പാര്‍ട്ടിയുടെ ശത്രു. കൊണ്ടു നടന്നതും നീയേ ചാപ്പാ… എന്നു പറഞ്ഞ പോലെ ബി.ജെ.പി തങ്ങള്‍ക്ക് മുകളിലേക്ക് ആപിന്റെ കൊമ്പ് വളരാന്‍ തുടങ്ങിയതോടെ അത് വെട്ടാനായി ആപ് നേതാക്കള്‍ക്കെതിരെ ഒന്നിന് പിറകെ മറ്റൊന്നായി കേസുകള്‍ ചാര്‍ത്തി. കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെജ്രിവാളും സംഘവും ഒടുവില്‍ മതേതര ചേരിയായ ഇന്ത്യ സഖ്യത്തിനൊപ്പം വരാന്‍ നിര്‍ബന്ധിതനായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിരോധത്തിലായ ഇടങ്ങളിലെല്ലാം മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അസദുദ്ദീന്‍ ഉവൈസി സ്ഥാനാര്‍ത്ഥികളെ ഇറക്കി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ബി.ജെ.പിയുടെ താലത്തില്‍ വെച്ചു കൊടുക്കുന്നത് പോലെ ഒളിഞ്ഞും തെളി ഞ്ഞും കോണ്‍ഗ്രസിനെ മാന്തുക എന്നത് കെജ്രിവാളിന് സുഖമുള്ള പരിപാടിയായിരുന്നു. മുമ്പ് കോണ്‍ഗ്രസിനെ താഴെ ഇറക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നും ഇറക്കിയ അണ്ണാ ഹസാരെ ബിജെപിക്ക് ഓശാന പാടി പതിറ്റാണ്ടുകളുടെ മൗനത്തിന് ശേഷം ഇന്നലെ കെജ്രിവാള്‍ ഡല്‍ഹിയില്‍ പരാജയപ്പെട്ടതോടെ വീണ്ടും വാ തുറന്നത് കാലത്തിന്റെ കാവ്യനിതിയാണെന്ന് പറയാം. ആം ആദ്മി പാര്‍ട്ടിക്ക് സംഭവിച്ച സ്വാഭാവിക ചരമം എന്നതിനപ്പുറം ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ പതനത്തിന് വലിയ കാര്യമൊന്നുമില്ല. മാധ്യമ പരിലാളനയും പണത്തിന്റെ ലഭ്യതയും കോര്‍പറേറ്റ് പിന്തുണയും ബി.ജെ.പിക്ക് വോട്ടുകള്‍ പണം വിതറി വാങ്ങാനാവുമെന്ന് പലവുരു തെളിയിച്ചതിനാല്‍ ഇതിനൊപ്പം വര്‍ഗീയത കൂടി മേമ്പൊടി ചേര്‍ത്താല്‍ സ്വന്തം ബി ടീമിനെ താഴെ ഇറക്കാന്‍ വലിയ പണിയൊന്നും വേണ്ടതില്ല. ആംആദ്മി പാര്‍ട്ടിക്കും കെജ്‌രിവാളിനും ഇനി കൊടിയ പരീക്ഷണ കാലമാണ്. പാര്‍ട്ടിയുടെ സ്വന്തം തട്ടകത്തില്‍ തന്നെ വീണതിനാല്‍ ദേശീയ പാര്‍ട്ടിയാവാനുള്ള ഓട്ടം തല്‍ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കേണ്ടി വരും. ഇനി പഞ്ചാബില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ കെജ്രിവാളിനെ ഇറക്കി മുഖ്യമന്ത്രിയാക്കുമോ അതോ നേതാക്കളെല്ലാം തോറ്റ പാര്‍ട്ടിയിലെ അവശേഷിക്കുന്ന എം.എല്‍.എമാര്‍ മറുകണ്ടം ചാടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഇത്തവണ ഡല്‍ഹിയില്‍ ആപിനോട് സഖ്യത്തിനായി കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ ഒറ്റക്കാല്ലാതെ മത്സരത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അതായത് സ്വയം കുഴിച്ച കുഴിയില്‍ വീണതാണ് ആപ്.

 

By admin