
കോഴിക്കോട് (30-12-2025): പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ വരാനിടയുള്ള അമിത തിരക്കും ഗതാഗത തടസ്സവും കണക്കിലെടുത്ത് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ബുധനാഴ്ച വൈകിട്ട് 7 മണി മുതലാണ് പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
ചുരം മേഖലയിലുള്ള തട്ടുകടകൾ വൈകിട്ട് മുതൽ പ്രവർത്തിക്കാൻ പാടില്ല. ചുരത്തിലെ വളവുകളിലോ റോഡരികിലോ വാഹനങ്ങൾ നിർത്തിയിടുന്നത് പൂർണ്ണമായും നിരോധിച്ചു. വിനോദസഞ്ചാരികൾ കാഴ്ചകൾ കാണാനായി ചുരത്തിൽ ഒത്തുകൂടുന്നത് ഒഴിവാക്കണം. മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നടപടികൾ.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.