• Sat. Sep 6th, 2025

24×7 Live News

Apdin News

താരിഫ് തര്‍ക്കങ്ങള്‍ക്കിടെ അമേരിക്കന്‍ യാത്ര ഒഴിവാക്കി മോദി

Byadmin

Sep 6, 2025



ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ (യുഎന്‍ജിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിപങ്കെടുത്തേക്കില്ലെന്ന് സൂചന. മോദിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയിലേക്ക് പോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ഈ മാസം 23 മുതല്‍ 29 വരെയാണ് സമ്മേളനം.

സമ്മേളനത്തില്‍ സംസാരിക്കുന്നവരുടെ പുതുക്കിയ താല്‍ക്കാലിക പട്ടികയാണ് മോദി പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കുന്നത്. സെപ്റ്റംബര്‍ 26-ന് നടക്കുന്ന സെഷനില്‍ ഇന്ത്യയുടെ ദേശീയ പ്രസ്താവന സംബന്ധിച്ച അജണ്ടയില്‍ ജയശങ്കറിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മോദി പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആരായിരിക്കും യുഎന്‍ വാര്‍ഷിക സഭയില്‍ സംസാരിക്കുകയെന്നതിന്റെ വിശ്വസനീയമായ സൂചനയല്ല ഈ ലിസ്റ്റ്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ അവസാന ലിസ്റ്റിൽ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പേര് ഷെഡ്യൂളില്‍ നല്‍കുകയും പിന്നീട് വിദേശകാര്യ മന്ത്രിയുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ട്.

പൊതു ചർച്ചകൾ സെപ്‌തംബർ 23 മുതൽ 29 വരെ നടക്കും. സമ്മേളനങ്ങളിലെ ആദ്യ പ്രഭാഷകരായ ബ്രസീൽ ചർച്ചകൾക്ക് തുടക്കം കുറിക്കും. സമ്മേളനത്തിലും തുടർന്നുള്ള ചർച്ചകളിലും അമേരിക്ക പങ്കെടുക്കും. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 23-ന് പൊതുസമ്മേളന വേദിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യും. ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരം ഏറ്റതിനു ശേഷമുള്ള ഐക്യരാഷ്‌ട്ര സഭയുടെ ആദ്യത്തെ പൊതു സമ്മേളനമാണിത്.

അതേസമയം ഇസ്രയേൽ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാർ സെപ്റ്റംബർ 26 ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിലെ പൊതുചർച്ചയെ അഭിസംബോധന ചെയ്യും.

ഇസ്രയേൽ-പലസ്‌തീൻ, റഷ്യ- യുക്രെയ്‌ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്‌ട്രസഭയുടെ ഈ വർഷത്തെ വാർഷിക സമ്മേളനം. ‘ഒരുമിച്ച് മെച്ചപ്പെടാം: സമാധാനം, വികസനം, മനുഷ്യാവകാശം എന്നിവയ്‌ക്കായി 80 വർഷവും അതിലധികവും’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.

By admin