കൊച്ചി: സൂര്യാസ്തമയത്തിനു ശേഷം ദേശീയ പതാക താഴ്‌ത്താതിരിക്കുന്നതില്‍ വരുത്തിയ വീഴ്ചയോ നിഷ്‌ക്രിയത്വമോ ദേശീയ പതാകയെ അപമാനിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മുനിസിപ്പാലിറ്റിയുടെ മുന്‍ സെക്രട്ടറി വിനു. സി കുഞ്ഞപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി.
2015 ഓഗസ്റ്റ് 15ന് അങ്കമാലി മുനിസിപ്പാലിറ്റി സെക്രട്ടറിയായിരിക്കെ, മുനിസിപ്പാലിറ്റി കോമ്പൗണ്ടില്‍ ഉയര്‍ത്തിയ ദേശീയ പതാക താഴ്‌ത്തിയില്ലെന്നും രണ്ട് ദിവസം കഴിഞ്ഞിട്ടും അത് മാറ്റിയില്ലെന്നുമായിരുന്നു ആരോപണം. 1971ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ 2(എ) പ്രകാരം അങ്കമാലി പോലീസ് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.