
കൊച്ചി: മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ ശബരീശഭക്തർക്ക് സമാനതകളില്ലാത്ത ദുരിതം സമ്മാനിച്ച തിരുവിതാംകൂർ ദേവസ്വംബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.
എന്തിനാണ് ഇത്രയും ആളുകളെ ശബരിമലയിലേക്ക് കയറ്റുന്നതെന്ന് ചോദിച്ച ഹൈക്കോടതി ദേവസ്വം ബഞ്ച് തിരക്ക് ഒഴിവാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചോദിച്ചു. വിഷയത്തിൽ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്‌ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കണം. സെക്ടറുകളായി തിരിച്ച് ആളുകളെ നിയന്ത്രിക്കണം. ഓരോ സെക്ടറിലും എത്ര പേര്‍ക്ക് നില്‍ക്കാനാകുമെന്നതില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സ്ഥലപരിമിതിയുള്ളതിനാൽ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുകയുള്ളുവെന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലലോയെന്നും കോടതി വിമര്‍ശിച്ചു.