ടെല്‍ അവീവ് :തിരിച്ചാക്രമിച്ചില്ലെങ്കില്‍ മാനം പോകുമെന്നതിനാല്‍ ഇറാന്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന പ്രചാരണം ശക്തമായതോടെ ഇറാനെതിരെ ഭീഷണി മുഴക്കി ഇസ്രയേല്‍. ഇനി തിരിച്ചാക്രമിച്ചാല്‍, കഴിഞ്ഞ ആക്രമണത്തില്‍ വിട്ടുകളഞ്ഞ പ്രദേശങ്ങളില്‍ കൂടി ആക്രമണം നടത്തുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി.
കഴിഞ്ഞ തവണ ആക്രമിച്ചപ്പോള്‍ മിസൈല്‍ നിര്‍മ്മാണ യൂണിറ്റുകളും ഇസ്രയേലിനെതിരെ ആക്രമണത്തിനായി മിസൈലുകള്‍ നിരത്തിവെച്ച ഇടങ്ങളിലും എല്ലാം ഇസ്രയേല്‍ ബോംബുകള്‍ വര്‍ഷിച്ചിരുന്നു. പക്ഷെ ആണവ കേന്ദ്രങ്ങളെയും എണ്ണപ്പാടങ്ങളെയും ഒഴിവാക്കിക്കൊണ്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. മറ്റ് അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോട് ഇക്കാര്യം അപേക്ഷിച്ചിരുന്നു. ഈ മര്യാദ ആക്രമണത്തില്‍ പാലിച്ചതിനാലാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതില്‍ അറബ് രാജ്യങ്ങള്‍ പ്രതിഷേധിക്കാതിരുന്നത്.
പക്ഷെ ഇനി ഇറാന്‍ പകരം വീട്ടാന്‍ തുനിഞ്ഞാല്‍ ആണവകേന്ദ്രങ്ങളെയും എണ്ണപ്പാടങ്ങളേയും ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇവിടങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടാല്‍ ഇറാന്റെ അഹന്ത എന്നെന്നേയ്‌ക്കുമായി ഇല്ലാതാകും. കഴിഞ്ഞ ആക്രമണത്തില്‍ ഇസ്രയേല്‍ അനായാസമാണ് പഴയ സോവിയറ്റ് യൂണിയന്‍ ഇറാന് നല്‍കിയിരുന്ന മിസൈല്‍ പ്രതിരോധസംവിധാനങ്ങളെ തകര്‍ത്തത്. എസ്-300 എന്ന ഇറാന്‍ അഭിമാനം കൊണ്ടിരുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ തരിപ്പണമായത്. മൂന്ന് എസ്-300 സംവിധാനങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തിരുന്നു.അതിനാല്‍ ഇസ്രയേലിന്റെ ഭീഷണിയെ ഗൗരവത്തോടെ തന്നെയാണ് ഇറാന്‍ കാണുന്നത്. എന്തായാലും ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്റെ 40 വര്‍ഷമായുള്ള അഹന്തയാണ് പൊളിഞ്ഞുവീണത്.