
ശനീശ്വര, നവഗ്രഹ ദോഷ പരിഹാരത്തിന് പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം കോട്ടയ്‌ക്കകം, വാഴപ്പള്ളി, കല്ലമ്പള്ളി തെരുവിലെ ശ്രീ മാര്‍ക്കണ്ഡേയ ധര്‍മ്മശാസ്താ ക്ഷേത്രം.
‘ശനീശ്വരന്‍…’ നവഗ്രഹങ്ങളില്‍ ഈശ്വരന്‍. നവഗ്രഹങ്ങളില്‍ പേരിനൊപ്പം ഈശ്വരന്‍ എന്നു ചേര്‍ത്തു വിളിക്കുന്നത് ശനിഭഗവാനെ മാത്രമാണ്. ശനീശ്വരന്റെ ദൃഷ്ടിക്ക്, ആരോടും പ്രത്യേക മമതയോ, ആരോടും അധിക വിദ്വേഷമോ ഇല്ല. ധനികനെന്നോ ദരിദ്രനെന്നോ ഇല്ല. വലിയവന്‍, ചെറിയവന്‍, രാജാവ്, മന്ത്രി, എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല. എല്ലാവരും ശനീശ്വരന് സമന്മാരാണ്.
ഓരോ ജന്മത്തിന്റെയും ജന്മന്മാന്തര, പൂര്‍വ്വജന്മ കര്‍മങ്ങളെല്ലാം ശനീശ്വരന് മനഃപാഠമാണത്രെ. ശനീശ്വരന്റെ ദീര്‍ഘദൃഷ്ടിയും ബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുന്‍പിലും ഒരിക്കലും പിഴയ്‌ക്കാറുമില്ല. മനുഷ്യരെ മാത്രമല്ല, ദൈവാംശമുള്ളവരെ പോലും വെറുതെ വിടാറില്ല.
ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. ശാസ്താ സാന്നിധ്യമുള്ളിടത്താണ് ശനിയുടെ വാസം. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാല്‍, ശനീശ്വര പ്രീതി ലഭിച്ചാല്‍ സര്‍വ സൗഭാഗ്യങ്ങളും ലഭിക്കും. ശനി അനിഷ്ടസ്ഥാനത്താണെങ്കില്‍ സര്‍വകാര്യ പരാജയവും കടവും നാശവുമാണ് ഫലം. ഏഴരശനി, കണ്ടകശനി, ശനിദശ മറ്റ് ദശകളിലെ അപഹാരം തുടങ്ങിയ കാലയളവില്‍ ശനിദേവന്‍ ദോഷങ്ങള്‍ക്കിടവരുത്തുന്നു.
ശാസ്താവ് ജ്യോതിഷപ്രകാരം ശനിയുടെ അധിപനാണ്. ശാസ്താവ്, ശിവന്‍, ശനീശ്വരന്‍, ഹനുമാന്‍, ഗണപതി എന്നീ ദേവന്മാരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാല്‍ ശനിദോഷങ്ങളെല്ലാമകലുകയും സൗഖ്യം വന്നുചേരുകയും ചെയ്യും. ശിവന്‍, ശാസ്താവ്, ഗണപതി, ശനീശ്വരന്‍ എന്നീ നാലു ദേവന്മാരും ഒരേ ക്ഷേത്രത്തില്‍ ഉണ്ടെങ്കില്‍ അവിടെ നടത്തുന്ന ശനിദോഷ പരിഹാര പൂജകളും പ്രാര്‍ത്ഥനയും ആയിരിക്കും ഏറ്റവും ഫലപ്രദം. അതില്‍ തന്നെ ശാസ്താവും ശിവനും ഒരേ ശ്രീകോവിലില്‍ ഒരുമിച്ചു പ്രതിഷ്ഠ ഉണ്ടെങ്കില്‍ പൂജാഫലം പൂര്‍ണമായും കിട്ടും എന്നത് നിസ്സംശയം.
ഈ സവിശേഷതകളെല്ലാം നിറഞ്ഞ ക്ഷേത്രമാണ് ശ്രീ മാര്‍ക്കണ്ഡേയ ധര്‍മ ശാസ്താ ക്ഷേത്രം. ഇവിടെ ഒരേ ശ്രീകോവിലില്‍ തന്നെയാണ് ശാസ്താവിന്റെയും ശിവന്റെയും പ്രതിഷ്ഠ. ശാസ്താവ് ശിവഭഗവാനെ പൂജിക്കുന്നു എന്നാണ് സങ്കല്പം. അതുകൊണ്ടാണ് മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താ എന്ന് അറിയപ്പെടുന്നത്. സര്‍വവിഘ്‌ന വിനാശകാരനായി കന്നിമൂല ഗണപതിയും നവഗ്രഹ പ്രതിഷ്ഠയും ശനീശ്വരപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.
ശനി ദീപം ശനി ദോഷ നിവാരണത്തിന്
ശനി ദീപം എന്നതില്‍ രണ്ടു ദീപങ്ങള്‍ അടങ്ങിയിരിക്കുന്നു നെയ്ദീപവും തിലദീപവും. ശനിദോഷ നിവാരണത്തിനായി നെയ്ദീപവും തിലദീപവും ഭക്തര്‍ തന്നെ പ്രാര്‍ത്ഥിച്ചു സ്വയം കത്തിക്കും. നെയ്‌വിളക്ക് ശാസ്താവിന്റെ മുന്നിലും തിലദീപം (എള്ള് വിളക്ക്) ശനീശ്വരന്റെ മുന്നിലുമാണ് സമര്‍പ്പിക്കുന്നത്. ശനി ദീപം എല്ലാ ദിവസവും കത്തിക്കാമെങ്കിലും ശനിയാഴ്ച കത്തിക്കുന്നത് ആണ് ഉത്തമം. വിദ്യാ വിജയത്തിനും മന്ദത(അലസത) മാറുന്നതിനും രോഗശമനത്തിനും ആയുരാരോഗ്യത്തിനും വൈവാഹിക തടസം മാറുന്നതിനും അഭീഷ്ടകാര്യസിദ്ധിക്കും മറ്റു ശനി ദോഷനിവാരണത്തിനും ശനിദീപം ഉത്തമം. രാഹുകാല ശനിദീപം ഏറ്റവും ഉത്തമം. ശനിയാഴ്ച രാവിലെ രാഹുകാല സമയത്തില്‍ (9 മുതല്‍ 10.30 വരെ) ശനിദീപം കത്തിക്കുന്നത് കണ്ടകശനിക്കും കഠിനമായ മറ്റെല്ലാ ശനി ദോഷങ്ങള്‍ക്കും അത്യുത്തമം ആണ്. ഇപ്പോള്‍ ഏഴരശനി, കണ്ടകശനി മറ്റ് ദശാസന്ധികളിലെ ശനിയുടെ അപഹാരം ഉള്ളവര്‍ ശനിദീപം കത്തിക്കുന്നത് ദോഷ പരിഹാരത്തിന് ഉത്തമമാണ്.
ശനീശ്വര പ്രീതിക്ക് എള്ളെണ്ണ ധാര
വിശിഷ്ടമായ പന്ത്രണ്ട് ശനീശ്വര ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് നീരാജനം. ശനിദീപം, എള്ളെണ്ണ ധാര ഇവയാണ് ഈ ക്ഷേത്രത്തിലെ പ്രധാനവും ലളിതവുമായ ശനിദോഷ പരിഹാരപൂജകള്‍. ശനിവേദനെ പ്രീതിപ്പെടുത്താനും തടസ്സങ്ങളും പ്രയാസങ്ങളും അനാരോഗ്യങ്ങളും നീക്കാനും ശനിയാഴ്ചകളില്‍ ശനീശ്വര തൈലധാര നടത്തുന്നു.
കാക്ക വാഹനമായ ശനീശ്വരന്റെ അഭിഷേക വിഗ്രഹത്തില്‍ ഭക്തജനങ്ങള്‍ സ്വയം ഒരു കുടം എള്ളെണ്ണയുമായി ശനീശ്വരനെ ഒരു പ്രദക്ഷിണം വച്ച്, ശനീശ്വര തൈലധാര മന്ത്രമായ ”മമ ശനിദോഷ നിര്‍വാരണോര്‍ദ്ധേ ശനീശ്വര പ്രീത്യര്‍ത്ഥം ഇതി തൈലധാര സമര്‍പ്പയാമി” എന്ന മന്ത്രം ജപിച്ചു പ്രാര്‍ത്ഥനയോടെ എള്ളെണ്ണ ധാരയായി അര്‍പ്പിക്കുന്നു. ദക്ഷിണേന്ത്യയില്‍ ശനീശ്വരന് എള്ളെണ്ണ ധാര വഴിപാട് ഉള്ളത് ഇവിടെ മാത്രമാണ്.
അമാവാസി നവഗ്രഹ ഹോമം
അമൂര്‍ത്തമായ പ്രപഞ്ചശക്തിയെ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊള്ളുക സാധാരണ മനുഷ്യന് പ്രയാസമാണ്. അതുകൊണ്ട് മഹര്‍ഷിമാര്‍ ആ ശക്തിയുടെ ഓരോ ഭാവങ്ങള്‍ക്കും നവഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, ബുധന്‍, വ്യാഴം, ശനി, രാഹു, കേതു എന്നിവക്കു കാരകത്വം. നല്‍കി. സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന ദിവസമാണ് അമാവാസി(കറുത്ത വാവ്). നവഗ്രഹങ്ങളെ സങ്കല്പിച്ചു തുടര്‍ച്ചയായി ഒന്‍പതു കറുത്ത വാവിനു നവഗ്രഹ ഹോമം ചെയ്താല്‍ ഗ്രഹപ്പിഴകള്‍ മാറി നവഗ്രഹ പ്രീതി ഉണ്ടായി ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടാകും.
ക്ഷേത്രമാഹാത്മ്യവും ഐതിഹ്യവും
ശ്രീകോവിലിന്റെ മധ്യത്തിലുള്ള ശാസ്താ പ്രതിഷ്ഠ വലതു കൈയില്‍ ശിവലിംഗവും, ഇടതുകാല്‍ വളച്ച് രണ്ടു വശത്തേക്ക് ഒരു അരപ്പട്ടയും വച്ചിരിക്കുന്നു. ശാസ്താ പ്രതിഷ്ഠയില്‍ സാധാരണയായി വലതു കൈയില്‍ അഭയ മുദ്രയ്‌ക്ക് പകരം ശിവലിംഗം കാണപ്പെടുന്ന വളരെ അപൂര്‍വമായ പ്രതിഷ്ഠയാണിത്.
ഈ ശിവലിംഗം വിശാലവും പരിധിയില്ലാത്തതുമായ പ്രപഞ്ച ശക്തിയെ പ്രതിനിധീകരിക്കുന്നു. ശ്രീകോവിലിനുള്ളില്‍ മറ്റൊരു ശിവലിംഗമുണ്ട്. അത് പ്രപഞ്ച പുരുഷ രൂപമാണ്. ഇത് അഞ്ചുതലയുള്ള സര്‍പ്പത്താല്‍ സംരക്ഷിക്കപ്പെടുകയും അത് പഞ്ചഭൂതങ്ങളെ, പഞ്ചേന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
ഇവിടെ ശാസ്താവ് ഈ ശിവഭഗവനെ ആരാധിക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ ശാസ്താവ് മാര്‍ക്കണ്ഡേയ ശാസ്താവ് എന്നറിയപ്പെടുന്നത്. ഇവിടെ ശാസ്താവിന്റെ വാഹനം ആനയാണ്.
ഈ ക്ഷേത്രം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തേക്കാള്‍ പഴക്കമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. ശ്രീ പദ്മനാഭ സ്വാമിയുടെ ക്ഷേത്ര നിര്‍മാണ സമയത്തുണ്ടായ തടസങ്ങള്‍ക്ക് ശാശ്വത പരിഹാരം കിട്ടുവാന്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ശനീശ്വര നവഗ്രഹ ദോഷ പരിഹാരാര്‍ത്ഥം ശൈവ ചൈതന്യമായ ശ്രീ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവിന്റെ മഹാശക്തിയെ പ്രീതിപ്പെടുത്തി അനുജ്ഞതേടണം എന്ന് മനസ്സിലാക്കി. ധര്‍മ്മ ശാസ്താ സന്നിധിയില്‍ 41 ദിവസം ശാസ്താ പ്രീതി നടത്തി ശൈവചൈതന്യത്തിന്റെ പൂര്‍ണ അനുഗ്രഹം വാങ്ങി എന്നാണ് എതിഹ്യം.