
മലപ്പുറം: അമ്പും വില്ലുമേന്തി വന്ന പടയാളികള്‍ തമ്പോറിന്റെ താളത്തിനൊത്ത് തിരുനാവായ മണല്‍പ്പുറത്ത് പോരാടിയിരുന്ന മാമാങ്കം എന്ന ഉത്സവം ഓര്‍മ്മയുണ്ടോ? പണ്ട് ചേരമാൻ പെരുമാളിന്റെ കാലത്താണ് ഇത് ആരംഭിച്ചത്, പിന്നീട് വള്ളുവക്കോനാതിരിയുടെ നേതൃത്വത്തിലായി മാമാങ്കം. ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് മാമാങ്കം നിര്‍ത്തലാക്കിയത്.
ഇപ്പോഴിതാ 250 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലപ്പുറത്ത് ഈ മാമാങ്കം പുനര്‍ജനിക്കുകയാണ്. മഹാകുംഭമേള എന്ന പേരില്‍. മലപ്പുറത്തെ മഹാകുംഭമേള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മഹാകുംഭമേളയായി മാറും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സ്വാമിയാണ്. കാശി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജുന അഖാര എന്ന സന്യാസിസമൂഹത്തിന്റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി എന്ന സന്യാസി.
ജീവിതത്തില്‍ ഒട്ടേറെ വിധിവൈപരീത്യങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് ആനന്ദവനം ഭാരതി. പൂര്‍വ്വാശ്രമത്തില്‍ ഒരു കടുത്ത എസ് എഫ് ഐ നേതാവായിരുന്നു. ഒരു രാഷ്‌ട്രീയകൊലപാതകത്തിന്റെ ഭാഗമായി അനാവശ്യമായി പൊലീസ് തന്നെ കേസില്‍ കുടുക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞ യുവാവ് പണ്ട് വാരണാസിയില്‍ എത്തിയത് ഒളിവിലിരിക്കാനാണ്. പക്ഷെ അവിടെ നടന്ന ഒരു മഹാകുംഭമേളയ്‌ക്ക് സാക്ഷ്യം വഹിച്ചതോടെ ഈ യുവാവിനെ ആത്മീയത മാടിവിളിച്ചു. ആ യുവാവാണ് പിന്നീട് ആനന്ദവനം ഭാരതിയായി മാറിയത്.
പണ്ട് നാവാമുകുന്ദ ക്ഷേത്രം നില്ക്കുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ ആണ് മാമാങ്കം നടന്നത്. 250 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ മാമാങ്കം നിരോധിക്കുന്നതിന് പറഞ്ഞ കാരണമെന്തെന്നോ? വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടുന്ന മാമാങ്കം പോലുള്ള പരിപാടികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷുകാര്‍ മാമാങ്കം വിലക്കിയത്.
2016-ൽ തിരുനാവായ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ നദീപൂജ ചടങ്ങുകൾ പുനരാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്നോടിയായാണ് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറത്ത് കുംഭമേള നടത്താൻ നിശ്ചയിച്ചത്. മാമാങ്കത്തില്‍ പടവെട്ടി മരിച്ച ലക്ഷക്കണക്കിനാള്‍ക്കാരുടെ ആത്മാക്കള്‍ക്ക് മോക്ഷം കൊടുക്കുന്നതിനായുള്ള പൂജകളിലൂടെയാണ് ഇത്തവണത്തെ മഹാകുംഭമേള ആരംഭിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
കേരളദേശത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാക്ഷേത്രങ്ങളില്‍നിന്നും ദീപശിഖകള്‍ മാഘമഹോത്സവവേദിയിലെത്തിയ്‌ക്കും. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴ ആരംഭിയ്‌ക്കുന്നത് തമിഴ്‌നാട്ടിലെ ഉഡുമല്‍പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍നിന്നാണ്. ഈ തിരുമൂര്‍ത്തിമലയില്‍നിന്നും ജനുവരി 19 ന് രാവിലെ ആരംഭിയ്‌ക്കുന്ന രഥയാത്ര ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശ്ശൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി തിരുനാവായയില്‍ എത്തുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.