• Fri. Jan 16th, 2026

24×7 Live News

Apdin News

തിരുന്നാവായയില്‍ മഹാമാഘ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം; ഗംഗാ ആരതിക്കു സമാനമായി നിളാ ആരതി

Byadmin

Jan 16, 2026



തിരുനാവായ: മഹാമാഘ മഹോത്സവത്തിന് തുടക്കം കുറിച്ചു തിരുനാവായയില്‍ വിശേഷാല്‍ പൂജകള്‍ ഇന്ന് ആരംഭിക്കും. മാഘമഹോത്സവത്തിനു മുന്നോടിയായുള്ള പ്രായശ്ചിത്ത ശ്രാദ്ധങ്ങളാണ് ഇന്ന് മുതല്‍ 18 വരെ. സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവതാ വന്ദനങ്ങളും പിതൃകര്‍മങ്ങളും നടക്കും.

ഇന്ന് രാവിലെ ആറ് മുതല്‍, ത്രയോദശി തിഥിയിലും പ്രദോഷവും മൂലം നക്ഷത്രവും ചേര്‍ന്ന പുണ്യസമയത്ത്, ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യത്വത്തില്‍ പിതൃയാനത്തിലെ വീരസാധന ക്രിയ നടക്കും. ശരീരം വിട്ടുപോയ പിതൃക്കള്‍ തൃപ്തരാകുമ്പോഴാണ് മനുഷ്യരുടെ ജീവിതത്തിലെ കര്‍മ ബന്ധിതമായ തടസങ്ങള്‍ മാറി ഐശ്വര്യം പ്രാപ്തമാകുന്നതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുകാലങ്ങളിലായി ഈ ക്രിയാപദ്ധതി നടത്തുന്നത്.

17ന് രാവിലെ ആറ് മുതല്‍, ചതുര്‍ദശി തിഥിയിലും മൂലം, പൂരാടം നക്ഷത്രവും സംയോജിക്കുന്ന പുണ്യസമയത്ത്, ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ വൈദിക ശ്രാദ്ധ കര്‍മങ്ങള്‍ നടത്തും. 19 മുതലാണ് മാഘമഹോത്സവത്തിന്റെ മറ്റ് ചടങ്ങുകള്‍ ആരംഭിക്കുക. മാഘ ഗുപ്ത നവരാത്രി ആരംഭ ദിനമായ 19ന് രാവിലെ 11ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മഹാമാഘ മഹോത്സവത്തിന്റെ ധര്‍മ ധ്വജാരോഹണം നിര്‍വഹിക്കും.

മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനമായ തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്നും തിരുനാവായ ത്രിമൂര്‍ത്തി സംഗമത്തിലേക്കുള്ള മഹാമേരു രഥയാത്രയ്‌ക്കും 19ന് രാവിലെ തുടക്കമാകും. തമിഴ്നാട്ടിലെ ആധീനങ്ങള്‍ പങ്കെടുക്കുന്ന യാത്ര ഭാരതീയ ധര്‍മ പ്രചാര സഭയുടെ ആചാര്യന്‍ യതീശാനന്ദ നാഥന്‍ ഡോ. ശ്രീനാഥ് കാരയാട്ടാണു നയിക്കുന്നത്.

19ന് വൈകിട്ട് ആറിന് തിരുനാവായയില്‍ മോഹന്‍ജി ഫൗണ്ടേഷന്‍ നേതൃത്വം നല്കുന്ന നിളാ ആരതിക്കും തുടക്കമാകും. ബ്രഹ്‌മര്‍ഷി മോഹന്‍ജി പ്രഥമ ആരതി നടത്തും. കാശി ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതി പണ്ഡിറ്റുകള്‍ അര്‍ച്ചകരാകുന്ന ആരതി ഫെബ്രുവരി മൂന്ന് വരെ ദിവസവും വൈകിട്ട് നിളാതീരത്തു നടക്കും.

മാഘമഹോത്സവത്തില്‍ ദിവസവും രാവിലെ വേദഘോഷത്തോടെ നടക്കുന്ന സ്‌നാനത്തിനും വൈദികക്രിയകള്‍ക്കും ഗായത്രി ഗുരുകുലം ആചാര്യന്‍ അരുണ്‍ പ്രഭാകര്‍ നേതൃത്വം നല്കും. പ്രധാനദിനമായ മാഘപൂര്‍ണിമയിലെ തൈപ്പൂയാഘോഷങ്ങള്‍ എല്‍എംആര്‍കെ ക്യാപ്റ്റന്‍ രജിത് കുമാറിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

ഗംഗാ ആരതിക്കു സമാനമായി നിളാ ആരതി
മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഭാരതപ്പുഴയുടെ തീരത്ത് ഗംഗാ ആരതിക്കു സമാനമായ നിളാ ആരതി നടക്കും. കാശി ദശാശ്വമേധ് ഘട്ടില്‍ ഗംഗാ ആരതി നടത്തുന്ന പണ്ഡിറ്റുകളാണ് നിളാ ആരതി ചടങ്ങും നിര്‍വഹിക്കുന്നത്. 19 മുതല്‍ ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും സന്ധ്യയില്‍ നിളാ ആരതി അര്‍പ്പണമുണ്ടാവും. വിവിധ തട്ടുകളുള്ള വിളക്കുകള്‍ തെളിയിച്ച് മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് മണികള്‍ മുഴക്കിയാണ് ആരതി നടത്തുന്നത്. വാരാണസി, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന ചടങ്ങാണിത്.

നിളയെ ആരാധിക്കുന്നതിനാണ് ഇവിടെയും ആരതി നടത്തുന്നത്. ഇതിനായി പ്രത്യേകം സ്ഥലമൊരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ആരതിയില്‍ പങ്കെടുക്കാന്‍ വേണ്ട ഒരുക്കങ്ങളും ക്രമീകരിച്ചുകഴിഞ്ഞു. പ്രത്യേക വേഷം ധരിച്ച പണ്ഡിറ്റുകളായിരിക്കും ഇവിടെ ആരതിക്കും പൂജകള്‍ക്കും നേതൃത്വം നല്കുന്നത്. എല്ലാ ദിവസവും രാവിലെ സംന്യാസി സമൂഹം പങ്കെടുക്കുന്ന നിളാ സ്‌നാനവുമുണ്ടാകും.

By admin