• Sat. Dec 13th, 2025

24×7 Live News

Apdin News

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

Byadmin

Dec 13, 2025



തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന തിരുപ്രംകുണ്ഡ്രം, ശ്രീമുരുകന്റെ ആറ് പടവീടുകളില്‍ ഒന്നായി വിശ്വാസികള്‍ കണക്കാക്കുന്ന പുണ്യ മലയും ക്ഷേത്രവും ആണ്. ഹിന്ദുവിശ്വാസികള്‍ക്ക് ഇന്ന് ആ ക്ഷേത്രത്തിലും, അവിടെയുള്ള മലയിലും ദീപം തെളിയിക്കാനുള്ള അവകാശത്തെ ബലപ്പെടുത്തിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിയുടെ പിന്‍ബലമുണ്ടായിട്ടും അസാധ്യമാകുന്നത് എന്തുകൊണ്ടാണ്? ഭൂമിയുടെ, ക്ഷേത്രത്തിന്റെ അവകാശം, അത് സാധൂകരിക്കുന്ന സിവില്‍ രേഖകള്‍, ആ രേഖകള്‍ അംഗീകരിച്ചുകൊണ്ടുള്ള നിരവധി കീഴ്‌ക്കോടതികളിലേയും മേല്‍ക്കോടതിയിലെയും വിധികള്‍ ഇവയൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുരുക ഭക്തര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലിക അവകാശം പോലും നിഷേധിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ ഭരണകൂടം ഹിന്ദുവിശ്വാസികള്‍ക്ക് നീതി നിഷേധിക്കുന്നത്? അവകാശങ്ങള്‍ ഉണ്ടായിട്ടും നിയമപരമായ രേഖകള്‍ ഉണ്ടായിട്ടും ഹിന്ദുവിന് അനുകൂല വിധി ഉണ്ടായാല്‍ ആ ന്യായാധിപന് കോണ്‍ഗ്രസും സിപിഎമ്മും അടങ്ങുന്ന ഇന്‍ഡി മുന്നണിയുടെ ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരുന്നതിന്റെ രാഷ്‌ട്രീയം എന്താണ്? അതാണ് പരിശോധിക്കേണ്ടത്.

തിരുപ്രംകുണ്ഡ്രം ക്ഷേത്രചരിത്രം
സംഘകാലഘട്ടത്തിലെയും സംഘസാഹിത്യങ്ങളിലെയും സൂചനകള്‍വെച്ച് ബിസി 3-ാം നൂറ്റാണ്ടിനു മുന്‍പ് തന്നെ തിരുപ്രംകുണ്ഡ്രം ക്ഷേത്രം ഹിന്ദു ആരാധനാക്ഷേത്രമായിരുന്നു എന്നതിന് ചരിത്രരേഖകളുണ്ട്. പാണ്ഡ്യരാജാവായ മാരവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ 6-ാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു എന്നതിന് പുരാവസ്തു വകുപ്പും തെളിവ് നല്‍കുന്നുണ്ട്. ഇത്രയും ചരിത്ര പശ്ചാത്തലം തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിനുണ്ട്. ഇതിനിടയില്‍ ആ നാടിനെ കീഴ്‌പ്പെടുത്തി 43 വര്‍ഷം മാത്രം ഭരിച്ച്, വിജയനഗര സാമ്രാജ്യത്തിന്റെ മുന്നില്‍ പരാജയപ്പെട്ട് മരണമടഞ്ഞ സിക്കന്ദര്‍ ഷാ എന്ന ജനവിരുദ്ധനായ രാജാവിന്റെ മൃതശരീരത്തിന്റെ പൂജയ്‌ക്ക് എന്ത് പ്രസക്തിയാണുള്ളത്.

സിക്കന്ദര്‍ ഷാ ചരിത്രത്തില്‍ അറിയപ്പെടുന്നത് തന്നെ വിഗ്രഹഭഞ്ജകനായ രാജാവ് എന്ന പേരിലാണ്. സ്ത്രീകള്‍ക്ക് കുങ്കുമം ചാര്‍ത്തുവാന്‍ പോലും അയാളുടെ ഭരണകാലത്ത് അവകാശമില്ലായിരുന്നു. ക്ഷേത്രങ്ങളില്‍ ശംഖ് ഊതുവാനുള്ള അവകാശം ഇല്ലാതാക്കിയ, അന്യമതസ്തരായ ഹിന്ദുക്കള്‍ക്ക്, ജസിയ എന്ന മതകരം അടക്കം ഏര്‍പ്പെടുത്തിയ രാജാവായിരുന്നു സിക്കന്ദര്‍. ഈ കാഴ്ചപ്പാടുള്ള വ്യക്തി എങ്ങനെയാണ് ഒരു ഹൈന്ദവ ആരാധനാലയത്തിനടുത്ത് വന്ന് മരണപ്പെടുന്നത് എന്നതുതന്നെ സംശയാസ്പദമാണ്. വിഗ്രഹഭഞ്ജകനായ ഒരു രാജാവിനെ ആ സാമ്രാജ്യം കീഴടക്കിയ ഹിന്ദു ഭരണാധികാരി ക്ഷേത്രത്തിനടുത്ത് സംസ്‌കരിക്കാന്‍ അനുവദിക്കുമോ? ചരിത്രപരമായ രേഖകളുടെ പിന്‍ബലമില്ലാത്ത, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു അവനിര്‍മിതി മാത്രമാണ് സിക്കന്ദറിന്റെ ശവകുടീരം എന്നത് പകല്‍പോലെ വ്യക്തമാണ്.

നിയമചരിത്രം, കോടതി വിധികള്‍
തിരുപ്രംകുണ്ഡ്രം ക്ഷേത്രവുമായി ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള തര്‍ക്കങ്ങളുടെ തുടക്കം 1915-16 കാലഘട്ടത്തിലാണ്. സിക്കന്ദര്‍ ദര്‍ഗയുടെ ചുമതലക്കാര്‍ ആയിരുന്ന ‘ഹുക്കാദാര്‍’കള്‍ അവിടെ ഒരു കല്‍മണ്ഡപം പണിയാന്‍ ശ്രമിച്ചു. ക്ഷേത്രംചുമതലയുള്ളവര്‍ അത് എതിര്‍ത്തു. ഹിന്ദുക്കള്‍ പരിപാവനമായി കാണുന്ന മലയുടെ കല്ലുകള്‍ പൊട്ടിച്ച് ഈ മണ്ഡപം പണിയാന്‍ അവകാശം ഉന്നയിച്ചത് 1807 ലെ ഒരു കളക്ടറുടെ ഉത്തരവ് ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു. 1920 ല്‍ ക്ഷേത്രത്തിന്റെ ചുമതലക്കാര്‍ മധുര കോടതിയില്‍ ഒരു കേസ് (ഛ.ട ചീ.4 ീള 1920) കൊടുക്കുകയും, അന്നത്തെ സബോര്‍ഡിനേറ്റ് ജഡ്ജ് കേസ് വിശദമായി കേട്ട് നെല്ലിതോപ്പ് എന്ന ദര്‍ഗ ഉള്ള സ്ഥലം അടങ്ങുന്ന 33 സെന്റ് അല്ലാതെ മറ്റൊരു അവകാശം ദര്‍ഗയ്‌ക്കില്ല എന്ന് വിധിയെഴുതി. പിന്നീട് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീലുമായി പോയെങ്കിലും ഹൈക്കോടതിയും മധുര കോടതി വിധി ശരിവച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ഏറ്റവും ഉന്നത നീതിപീഠമായ പ്രിവൈ കൗണ്‍സില്‍ (ജൃശ്്യ ഇീൗിരശഹ) മുമ്പാകെ അപ്പീല്‍ നമ്പര്‍ 42, 1928) ആയി വന്ന പരാതിപോലും മേയ് 12, 1931 ല്‍ ഏകപക്ഷീയമായി മധുര കോടതി വിധിയെ അംഗീകരിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ ക്ഷേത്രവും പരിപാവനമായി ഹൈന്ദവര്‍ കാണുന്ന മുരുകന്റെ മലയും നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഹൈന്ദവ ആരാധനയുടെ ഭാഗമായിരുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

കാര്‍ത്തികദീപം തെളിക്കുന്നത് വേദനിപ്പിക്കുന്നത് ആരെ?
നിയമപരമായും ചരിത്രപരമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് കാര്‍ത്തികദീപം തെളിയിക്കുമ്പോള്‍ ആരുടെ മതവികാരമാണ് വ്രണപ്പെടുന്നത്? ഹിന്ദുക്കളുടെ മതപരവും നിയമപരവുമായ അവകാശങ്ങള്‍ക്ക് എതിരെ എന്തുകൊണ്ടാണ് ഡിഎംകെ ഭരണകൂടം എപ്പോഴും നിലെകാള്ളുന്നത്?

ദീപത്തൂണ്‍ എന്ന പേരില്‍ത്തന്നെയുള്ള ക്ഷേത്രത്തിലെ പ്രധാനമായ ഒരു തൂണിനു മുകളില്‍ കാര്‍ത്തികദീപം തെളിയിക്കുവാന്‍ ഭക്തനായ രാമ രവികുമാര്‍ ആവശ്യമുന്നയിക്കുകയും ക്ഷേത്ര ഭരണാധികാരികള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നിടത്തുനിന്നാണ് പുതിയ നിയമയുദ്ധം ആരംഭിക്കുന്നത്. ക്ഷേത്രത്തിനടുത്ത് ദര്‍ഗയുണ്ടെന്ന പേരില്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതു തന്നെ ഭരണഘടനാ തത്വങ്ങളുടെ പ്രത്യക്ഷ ലംഘനമാണ്. മധുരാ ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ മുന്നില്‍ ഡിസം. ഒന്നിന് ഈ കേസ് വരികയും ദീപത്തൂണ്‍ ദര്‍ഗയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തല്ല എന്നും, അത് പൂ
ര്‍ണമായും ക്ഷേത്രസ്വത്തായ സ്ഥലത്തുള്ളതാണെന്നും വിധിച്ചു. വിധി നടപ്പിലാക്കാന്‍ വിസമ്മതിച്ചതിന് ഡിസം. മൂന്നിന് കോടതിയലക്ഷ്യ ഹര്‍ജി വരികയും, കേസ് കേട്ട ജസ്റ്റിസുമാര്‍ മധുര കളക്ടര്‍ കെ.ജെ. ്രപവീണ്‍കുമാറിനെയും പോലീസിനെയും വിളിച്ചുവരുത്തി പ്രൊഹിബിഷന്‍ ഓര്‍ഡര്‍ ബിഎന്‍എസ്എസ് ( ഭാരതീയ നാഗരിക് സുരക്ഷാ സംഹിത) 163 പ്രകാരം നീക്കുകയും ചെയ്തു. വീണ്ടും ഡിസം. 4ന് ഡിഎംകെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ജസ്റ്റിസ് ജി. ജയചന്ദ്രനും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയുമാണുണ്ടായത്. കൂടാതെ കാര്‍ത്തികദീപം തെളിയിക്കുവാന്‍ സിഐഎസ്എഫിന്റെ സംരക്ഷണം നല്‍കിക്കൊണ്ട് ഉത്തരവിട്ടു.

ഹിന്ദുസമൂഹത്തിന്റെ ആവശ്യം
കാര്‍ത്തികദീപം തെളിയിക്കാനുള്ള അവകാശം വിശ്വാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഏറ്റവും പരിമിതമായ മതപരമായ അവകാശമാണ്. ക്ഷേത്ര ഭൂമിയില്‍ പോലും ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സര്‍ക്കാരിന്റെയും മറ്റു മതനേതാക്കളുടെയും അനുമതി വേണം എന്നത് ഭരണഘടനാപരമായി ഹിന്ദുവിന്റെ അവകാശങ്ങളെ നിഷേധിക്കലാണ്. അതും എല്ലാ കോടതി വിധികളും അനുകൂലമായിരിക്കെ അത് അനുവദിക്കില്ല എന്നത് ധാര്‍ഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്.

ജസ്റ്റിസ് സ്വാമിനാഥന്‍ തിരുപ്രംകുണ്ഡ്രം വിഷയത്തെ സമീപിച്ചത് നിയമപരമായി മാത്രമാണ്. റവന്യൂ രേഖകളും സര്‍വ്വേ നമ്പറുകളും പരിശോധിച്ചപ്പോള്‍ ദീപത്തൂണ്‍ ക്ഷേത്രഭൂമിയില്‍ ആണെന്ന ഉത്തമ ബോധ്യത്തിലാണ് അദ്ദേഹത്തിന്റെ സുചിന്ത്യമായ വിധിയുണ്ടായിരിക്കുന്നത്. എന്നാല്‍ ഭരണഘടനാ മൂല്യങ്ങളെ, ജുഡീഷ്യറിയുടെ സ്വാത്രന്ത്യത്തെ എല്ലാം തകര്‍ക്കുവാനും, നിയന്ത്രിക്കുവാനും, ഹൈന്ദവ വിശ്വാസികളെ രണ്ടാംകിട പൗരന്മാരാക്കി സിക്കന്ദറിന്റെ കാലത്തെപ്പോലെ ജസിയ പിരിക്കുവാനുമാണ് കോണ്‍ഗ്രസും ഡിഎംകെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെതിരെയുള്ള ഇംപീച്ച്‌മെന്റിലൂടെ ശ്രമിക്കുന്നത്. ഇത് നമ്മുടെ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്. ഇതിനെതിരെ ഭാരതത്തിലെ ഹൈന്ദവ വിശ്വാസികളുടെ ശബ്ദം ഉയരുക തന്നെ വേണം.

(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)

By admin