കോഴിക്കോട് 105 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലപ്പുറം മോങ്ങം സ്വദേശി ശ്രാവണ്‍ സാഗര്‍ ആണ് രാമനാട്ടുകരയില്‍ പിടിയിലായത്. ജില്ലയിലെ വിവിദയിടങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാള്‍. എട്ട് മാസത്തോളമായി ഇയാള്‍ ആവശ്യക്കാര്‍ക്ക് ലഹരി എത്തിച്ച് കൊടുക്കുന്നുണ്ട്.
മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് സ്വന്തം കാറില്‍ ലഹരി കടത്തുന്നതിനിടെയാണ് രാമനാട്ടുകര ഫ്‌ലൈ ഓവറില്‍ വച്ച് ഡാന്‍സാഫ് സംഘം ഇയാളെ പിടികൂടുന്നത്. ഇന്‍സ്റ്റാഗ്രാം,ഷെയര്‍ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആശയവിനിമയം നടത്തിയാണ് അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ ശ്രാവണ്‍ ഇടപാടുകാര്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നത്. 50 ലേറെ തവണ മലപ്പുറം, കോഴിക്കോട് ജില്ലയില്‍ ലഹരി വിതരണം ചെയ്തിട്ടുണ്ടെന്ന് ശ്രാവണ്‍ പൊലീസിനോട് പറഞ്ഞു.
വളരെയധികം സുരക്ഷ ഉറപ്പുവരുത്തിയാണ് ഇടപാട് നടത്തിയിരുന്നത്. ആവശ്യക്കാര്‍ വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ടാല്‍ നേരിട്ട് കൈമാറാതെ ചെറുപൊതികളിലാക്കി എവിടെ എങ്കിലും വച്ച് ഫോട്ടോ എടുത്ത് ഗൂഗിള്‍ ലൊക്കേഷനിലൂടെ കൈമാറുന്നതാണ് രീതി. ശ്രാവണിന് ലഹരി എത്തിച്ച് കൊടുക്കുന്നവരെ പറ്റിയും, വിതരണക്കാരെക്കുറിച്ചും ലഹരി മാഫിയ ശ്യഖലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.