തിരുവനന്തപുരം വെഞ്ഞാറമൂടില്‍ നാടിനെ ഞെട്ടിക്കുന്ന കൊലപാതകത്തില്‍ 23 കാരനായ പ്രതി അഫാന്‍ അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്. കൊല്ലപ്പെട്ട പെണ്‍സുഹൃത്തിന്റെ നെറ്റിയില്‍ മാരകമായ മുറിവുണ്ടെന്നും ചുറ്റിക കൊണ്ട് അടിച്ച നിലയിലാണെന്നും പ്രദേശത്തെ ജനപ്രതിനിധികള്‍ പറയുന്നു. ഗുരുതരമായ പരുക്കാണ് പ്രതിയുടെ അനിയനുമേറ്റതെന്നും ഇവര്‍ പറയുന്നു. പ്രതിയുടെ പിതാവിന്റെ സഹോദരന്‍ ലത്തീഫ് വെട്ടുകൊണ്ട നിലയില്‍ സോഫയിലിരിക്കുന്ന നിലയിലാണെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം പ്രതി ആദ്യം കൊലപ്പെടുത്തിയത് പിതാവിന്റെ മാതാവിനെയാണെന്നാണ് സൂചന. പാങ്ങോട് സ്വദേശിനി സല്‍മാബീവിയാണ് ആദ്യം കൊല്ലപ്പെട്ടത്. പാങ്ങോട്, ചുള്ളാളം എന്നിവിടങ്ങളില്‍ കൊല നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തിയത്.
അതേസമയം, അഫാന്‍ ലഹരിക്കടിമയല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ വിളിച്ചിറക്കിക്കൊണ്ട് വന്ന പെണ്‍സുഹൃത്തിനെക്കുറിച്ച് പ്രദേശവാസികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. പ്രതിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം.
അഫ്സാന്‍ (അനുജന്‍), സല്‍മാബീവി (പിതൃമാതാവ്), ഫര്‍സാന (പെണ്‍സുഹൃത്ത്), ലത്തീഫ്, ഫാഹിദ (ബന്ധുക്കള്‍) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതിനു ശേഷം താന്‍ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.