• Mon. Feb 9th, 2026

24×7 Live News

Apdin News

തിരുവനന്തപുരം കോര്‍പറേഷന്റെ അടിയന്തര നടപടി; അനധികൃത സ്പാകള്‍ പൂട്ടിച്ചു

Byadmin

Feb 9, 2026



തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര നടപടികളുമായി കോര്‍പറേഷന്‍. പോലീസും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തി രണ്ട് സ്പാകള്‍ പൂട്ടിച്ചു.

സ്പായില്‍ പോയ യുവതിയോട് മോശമായി പെരുമാറിയെന്ന് രഹസ്യ വിവരം ലഭിച്ചു. ഇതോടെ സെക്രട്ടേറിയറ്റിനു മുന്നിലെ ക്യാപിറ്റല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്പാകളില്‍ പരിശോധന നടത്തി. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് രണ്ടും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ സ്പാകള്‍ പൂട്ടിച്ചത്.

കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്പാകളിലും പരിശോധന നടത്തുമെന്നും അനധികൃത സ്പാകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വി.വി. രാജേഷ് പറഞ്ഞു.

തിരുവല്ലയില്‍ സ്പായില്‍ നടന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്, കേരളത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അതിന്റെ അടിസ്ഥാനത്തില്‍ പോലീസുമായുള്ള ചര്‍ച്ചയിലാണ് തിരുവനന്തപുരവും ഇതില്‍ നിന്ന് മുക്തമല്ലെന്ന വിവരം ലഭിച്ചതെന്ന് മേയര്‍ പറഞ്ഞു.

സ്പാകളില്‍ മേസിയര്‍, ഡോക്ടര്‍ എന്നിവര്‍ വേണം. എന്നാല്‍ പലയിടത്തും അംഗീകൃത മേസിയറും ഡോക്ടറും ഉണ്ടാകാറില്ല. സ്പാകളുടെ മറവില്‍ നടക്കുന്ന ക്രോസ് മസാജിങ് അനുവദിക്കില്ല. ചില ഡോക്ടര്‍മാര്‍ ഇത്തരം നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ പോലീസിന്റെയും കോര്‍പറേഷന്റെയും കര്‍ശന നിരീക്ഷണത്തിലാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.

ചില പോലീസുദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള അനധികൃത മാഫിയകളുമായി സൗഹൃദം സ്ഥാപിച്ചിച്ചുണ്ട്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ കോര്‍പറേഷനും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും ലഭ്യമായിട്ടുണ്ട്. അതിനെതിരെ കോര്‍പറേഷനും പോലീസും സംയുക്തമായി നീക്കം തുടങ്ങി. ലൈസന്‍സിന്റെ മറവില്‍ അനാശാസ്യ, അനധികൃത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോര്‍പറേഷന്‍ പരിധിക്കുള്ളിലെ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും പോലീസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നടപടികളുള്‍പ്പടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.

By admin