• Thu. Oct 17th, 2024

24×7 Live News

Apdin News

തിരുവനന്തപുരം നഗരസഭയിലെ വാര്‍ഡ് വിഭജനം അട്ടിമറിക്കാന്‍ സിപിഎം ശ്രമം: വി വി രാജേഷ്

Byadmin

Oct 17, 2024


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വാര്‍ഡ് വിഭജനം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. ഒരു ദിവസം നിയമസഭ ചേര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഒരു ചര്‍ച്ചയും കൂടാതെ പാസാക്കി. എന്നാല്‍ യുഡിഎഫ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഈ അവസരം മുതലെടുത്ത് രാഷ്‌ട്രീയ പ്രേരിതമായി വാര്‍ഡുകളെ വിഭജിക്കാനുള്ള തീരുമാനവുമായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണെന്നും രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിനേറ്റ പരാജയം മറികടക്കാനാണ് സിപിഎം നേതാക്കന്മാരായുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൊണ്ട് വാര്‍ഡ് വിഭജനം അട്ടിമറിക്കുന്നത്. വാര്‍ഡ് വിഭജനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനോ സംസാരിക്കാനോ സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ ഇതുവരെ ഒരു സര്‍വ്വ കക്ഷിയോഗം പോലും വിളിച്ചിട്ടില്ല. രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാരുടെ അഭിപ്രായം കേള്‍ക്കാനോ ചര്‍ച്ച നടത്താനോ തയ്യാറായിട്ടില്ല. അത് വെളിപ്പെടുത്തുന്നത് സിപിഎമ്മിന് എന്തെക്കോയോ മറക്കാനുണ്ട് എന്നതാണ്. സിപിഎം നേതാക്കന്മാരുടെ ഭീഷണിക്ക് വഴങ്ങിയോ പ്രലോഭനത്തില്‍ മയങ്ങിയോ മാനദണ്ഡങ്ങള്‍ മറികടന്ന് വാര്‍ഡ് വിഭജനത്തിന് കൂട്ടു നില്‍കുന്ന ഉദ്യോഗസ്ഥരെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു വാര്‍ഡ് കൂട്ടണമെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ നൂറ് വാര്‍ഡുകളാണ് ഇപ്പോള്‍ വെട്ടിമുറിക്കുന്നത്. ക്യൂ ഫീല്‍ഡ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വാര്‍ഡ് വിഭജനത്തിന്റെ കാര്യങ്ങള്‍ ചെയ്യുന്നത്. ഇത് സുതാര്യമല്ല. സിപിഎം നേതാക്കന്മാരുടെ ബിനാമികളുടെ നേതൃത്വത്തിലുള്ളതാണ് ക്യൂ ഫീല്‍ഡ് ആപ്ലിക്കേഷന്‍. സെല്ലിലുള്ള ഉദ്യോഗസ്ഥര്‍ക്കും എവിടെയിരുന്നും അതില്‍ ഇടപെടാം. വാര്‍ഡ് വിഭജനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാര്‍ മൊബൈല്‍ ഫോണുമായി വാര്‍ഡുകളിലെത്തി രേഖയുണ്ടാക്കി വേണം ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യാന്‍. എന്നാല്‍ അങ്ങനെയല്ല ഇപ്പോള്‍ ചെയ്യുന്നത്.

മാസങ്ങള്‍ക്ക് മുമ്പേ സിപിഎമ്മിന്റെ ബ്രാഞ്ച് തലത്തില്‍ തയ്യാറാക്കിയ കോര്‍പ്പറേഷന്റെ ഒരു ഡയഗ്രം ഉണ്ട്. അത് പ്രകാരമാണ് വാര്‍ഡ് വിഭജനം നടക്കുന്നത്. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കും. കോര്‍പ്പറേഷനില്‍ വാര്‍ഡ് വിഭജനത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഡി. ലിമിറ്റേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഉദ്യോഗസ്ഥരായി ചുമലപ്പെടുത്തിയിട്ടുള്ളത് മുഴവനും സിപിഎം പ്രവര്‍ത്തകരെയാണ്. നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് ഡിലിമിറ്റേഷന്‍ സെല്‍ പുന:സംഘടിപ്പിക്കണം. നിലവിലുള്ള സെല്ലുമായി സഹകരിക്കാനും ബിജെപി തയ്യാറല്ല. രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന മാനദണ്ഡം നിലനില്‍ക്കെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ തീരുമാനിച്ച് കൊടുത്ത വാര്‍ഡ് വിഭജന രീതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുള്ള ഏകപക്ഷീയമായ നടപടിക്കെതിരെ ശക്തമായ രാഷ്‌ട്രീയ പ്രചരണ പരിപാടികളും നിയമ നടപടികളുമായി മുന്നോട്ടു പോകും. ഇതോടനുബന്ധിച്ച് ശനിയാഴ്ച കോര്‍പ്പറേഷന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. തിങ്കളാഴ്ച മുതല്‍ വാര്‍ഡ് തലത്തിലും ഏരിയ തലത്തിലും പൊതുയോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്നും വി. വി. രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം. ആര്‍. ഗോപന്‍, കൗണ്‍സിലര്‍മാരായ അശോക് കുമാര്‍, തിരുമല അനില്‍, കരമന അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.



By admin