• Tue. Dec 23rd, 2025

24×7 Live News

Apdin News

തിരുവനന്തപുരം സായ് സെന്ററില്‍ പുതിയ മള്‍ട്ടിപര്‍പ്പസ് ഹാള്‍; സായ് ഭരണസമിതിയോഗത്തിന്റെ അംഗീകാരം

Byadmin

Dec 23, 2025



ന്യൂദല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള സെന്ററുകളില്‍ വിപുലമായ അടിസ്ഥാനസൗകര്യ വികസനവും നവീകരണ പദ്ധതികളും നടപ്പാക്കാന്‍ സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ). കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സായ് ഭരണസമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കാര്യവട്ടത്തെ സായ് ലക്ഷ്മീഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷണലില്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മിക്കുന്നതിന് യോഗം അംഗീകാരം നല്‍കി. വര്‍ഷം മുഴുവനും തടസമില്ലാത്ത പരിശീലനവും അക്കാദമിക പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനായാണ് പുതിയ മള്‍ട്ടിപര്‍പ്പസ് ഹാള്‍ അനുവദിച്ചത്.

ഭാരത പുരുഷ, വനിതാ ദേശീയ ഹോക്കി ടീമുകള്‍ക്കുള്ള പരിശീലന കേന്ദ്രമായ ബെംഗളൂരുവിലെ സായ് എന്‍എസ്എസ്സിക്ക് വേണ്ടി പോളിഗ്രാസ് പാരീസ് ജിടി സീറോ ഹോക്കി ടര്‍ഫ് വാങ്ങും. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നിലവിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ മാറ്റി ലേസര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കും. ബംഗാളിലെ ജല്‍പൈഗുരിയിലെ സായ് സെന്ററില്‍ 400 മീറ്റര്‍ നീളവും എട്ട് വരികളുമുള്ള സിന്തറ്റിക് അത്ലറ്റിക്സ് ട്രാക്ക്, ഭോപ്പാലിലെ സായ് സെന്ററില്‍ പുതിയ സിന്തറ്റിക് ട്രാക്ക്, ഛത്രപതി സംഭാജിനഗര്‍, പട്യാല എന്നിവിടങ്ങളില്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവ നിര്‍മിക്കുന്നതിനും യോഗം അംഗീകാരം നല്‍കി. കായിക താരങ്ങളുടെ സമഗ്രമായ വികസനവും തീവ്രമായ പരിശീലനവും സാധ്യമാക്കുന്നതിനാണ് പുതിയ പദ്ധതികള്‍.

ഭാരതത്തിന്റെ കായികരംഗം യൗവന ഘട്ടത്തിലാണ്, അതിന്റെ ശോഭനമായ ഭാവിക്കായി സാധ്യമായ എല്ലാവിധത്തിലും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് യോഗത്തില്‍ സംസാരിച്ച ഡോ. മന്‍സൂഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. ഈ തീരുമാനങ്ങള്‍ കായിക താരങ്ങളെ കേന്ദ്രീകരിച്ചാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒളിമ്പിക്സിലും ലക്ഷ്യമിടുന്ന മെഡല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് കളിക്കാര്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ തീരുമാനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

By admin