• Fri. Jan 23rd, 2026

24×7 Live News

Apdin News

തിരുവനന്തപുരത്തിന്റെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മേയര്‍ വി.വി. രാജേഷ്

Byadmin

Jan 23, 2026



തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പില്‍ തിരുവനന്തപുരത്തിന്റേതായിട്ടുള്ള നിരവധി കാര്യങ്ങളും സാധ്യതകളും അവതരിപ്പിക്കേണ്ടതായിട്ടുണ്ട്. കൗണ്‍സിലര്‍മാരോട് അവരവരുടെ വാര്‍ഡുകളില്‍ വികസന സഭകള്‍ നടത്തി അതിന്റെ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. ക്രഡായി, ഐഎംഎ, ആര്‍സിസി ഡയറക്ടര്‍, കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, തിരുവനന്തപുരം വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളുമായും സംഘടനകളുമായും ടി.പി. ശ്രീനിവാസന്‍, വിജയരാഘവന്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തിനിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചിട്ടുണ്ട്.

കോര്‍പ്പറേഷന്റെ ഔദ്യോഗിക വികസന സെമിനാര്‍ ഉടന്‍ നടത്തേണ്ടതായിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ ചില കേണ്‍ക്‌ളേവുകള്‍ നടത്താനും പദ്ധതിയിട്ടിട്ടുണ്ട്. പദ്ധതികള്‍ നടപ്പിലാക്കി വിജയിച്ച മേയര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിദഗ്ദര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുക.

ഡ്രെയിനേജ് സംവിധാനം, കുടിവെള്ള പ്രശ്‌നം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കണം. കുടിവെള്ള പദ്ധതിക്കായി 1000 കോടി രൂപ ചെലവഴിച്ച് നാല് പ്‌ളാന്റുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. മാലിന്യ നിര്‍മ്മാര്‍ജ്ജനവും അതുപോലെ തന്നെയാണ്. അതിനാല്‍ കൂടുതല്‍ കോണ്‍ക്ലേവുകളും ചര്‍ച്ചകളും നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.

ചില കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. അതിന് ശേഷം മാത്രമേ ആധികാരികമായി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പറ്റുകയുള്ളൂ എന്നും മേയര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.ആര്‍. ഗോപന്‍, കരമന അജിത്ത്, സത്യവതി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

By admin