
കാലടി: ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം മാത്രം നട തുറന്ന് ഭകതര്‍ക്ക് ദര്‍ശനം നല്കുന്നുവെന്ന അപൂര്‍വ്വം ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീ പാര്‍വ്വതീദേവിയുടെ തിരുനട ഇന്ന് രാത്രി എട്ടിന് തുറക്കും.
നടതുറപ്പിനു മുന്നോടിയായി ക്ഷേത്രാല്‍പത്തിയുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍ നിന്ന് ദേവിക്കും മഹാദേവനും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങളുമായി താലം പൂക്കാവടി, വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്കു പുറപ്പെടും.
ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ഉടന്‍ നടതുറക്കുന്നതിന് ആചാരവിധിപ്രകാരം ചടങ്ങുകള്‍ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന അടയാളം ലഭിക്കുന്നതോടെ ക്ഷേത്ര ഉരാണ്‍മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണിയും നടയ്‌ക്കല്‍ സന്നിഹിതരാവും. തുടര്‍ന്ന് പുഷ്പിണിയായ ബ്രാഹ്‌മണി അമ്മ നടയ്‌ക്കല്‍ വന്നു നിന്ന് ഊരാണ്‍മ്മക്കാരും സമുദായംതിരുമേനിയും എത്തിയിട്ടുണ്ടോ എന്നു മൂന്നുവട്ടം വിളിച്ചു ചോദിക്കും. എത്തിയെന്നമറുപടി ലഭിച്ചാല്‍ നടതുറക്കട്ടേ എന്ന് അനുവാദം ചോദി
ക്കും. തുറന്നാലും എന്ന അനുമതി നല്‍കുന്നതോടെ ഊരാണ്‍മക്കാരില്‍ നിന്ന് അനുവാദം വാങ്ങി നടതുറക്കും.
ദീപാരാധനയ്‌ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. ഈസമയം ദേവിയുടെ നടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവയ്‌ക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ രാവിലെ നാല് മുതല്‍ ഉച്ചയ്‌ക്ക് ഒന്ന് വരെയും ഉച്ചയ്‌ക്ക്‌ശേഷം രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് ദര്‍ശന സമയം. സാധാരണ ക്യൂവിനു പുറമേ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തും ദര്‍ശനം നടത്താം.
ഭകതര്‍ക്ക് സൗജന്യമായി കുടിവെള്ളവും രാവിലെ ഒമ്പത് മുതല്‍ അന്നദാനവും ലഭിക്കും. പാര്‍ക്കിങ്ങിനു ക്ഷേത്ര ട്രസ്റ്റിന്റെ പാര്‍ക്കിങ് ഗ്രൗണ്ടും സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകളും സജ്ജമാണ്. സുരക്ഷയുടെ ഭാഗമായി പോലീസും, സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകളും, വാളണ്ടിയേഴ്‌സും രംഗത്തുണ്ടാകുമെന്ന് ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് എ.മോഹന്‍ കുമാര്‍, സെക്രട്ടറി എ.എന്‍.മോഹനന്‍ എന്നിവര്‍ പറഞ്ഞു.