• Sat. Sep 6th, 2025

24×7 Live News

Apdin News

തിരുവോണ ദിനത്തിൽ ഓണസദ്യ ഓർഡർ സ്വീകരിച്ച ശേഷം നൽകിയില്ല ; “ചായക്കാരി” ഗ്രൂപ്പിനെതിരെ പരാതി

Byadmin

Sep 5, 2025



തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ഓണസദ്യ ഓർഡർ സ്വീകരിച്ച ശേഷം നൽകിയില്ല എന്നു പരാതി. തലസ്ഥാനനഗരിയിലെ ചായക്കാരി എന്ന ഹോട്ടൽ ഗ്രൂപ്പിനെതിരെയാണ് പരാതി ഉയർന്നത് . തിരുവനന്തപുരം നഗരത്തിൽ പല ഭാഗങ്ങളിലും ഔട്ട്ലെറ്റുകൾ ഉള്ള സ്ഥാപനമാണ് ഇത്. തിരുവോണ സദ്യ നൽകാം എന്ന പേരിൽ ധാരാളം ആളുകളിൽ നിന്ന് ഇവർ ഓർഡറുകൾ സ്വീകരിച്ചിരുന്നു.

ഒരു ഊണിന് 479 രൂപയും, അത് രണ്ടുപേർക്കാകുമ്പോൾ 869 രൂപയും, അഞ്ചുപേർക്ക് 2300 രൂപയുമാണ് വിലയായി ഈടാക്കിയിരുന്നത്. എന്നാൽ തിരുവോണദിവസം ഉച്ചയ്‌ക്ക് പന്ത്രണ്ടര ആയിട്ടും ഓർഡർ നൽകിയവർക്ക് സദ്യ നൽകാൻ കഴിഞ്ഞില്ല . ഫോണിൽ അന്വേഷിക്കുന്നവരോട് സദ്യ ഉടൻ എത്തിക്കും എന്നും പറഞ്ഞിരുന്നു.

നാലാഞ്ചിറയിൽ അവരുടെ കടയുടെ മുൻപിൽ ധാരാളം ആളുകളാണ് ബുക്ക് ചെയ്ത ഊണ് ലഭിക്കാതെ വന്നതിനാൽ പ്രതിഷേധിച്ചത്. അവിടെയുണ്ടായിരുന്ന തൊഴിലാളികളോട് ചോദിക്കുമ്പോൾ താങ്കൾക്ക് ഒന്നുമറിയില്ലെന്നും ഊണിന്റെ കാര്യം, പരസ്യത്തിൽ നൽകിയിരിക്കുന്ന നമ്പറിലോ ഓണറോടോ വിളിച്ചു ചോദിക്കണം എന്നുമായിരുന്നു മറുപടി.തന്നിരിക്കുന്ന നമ്പരിൽ അതിനുശേഷം വിളിച്ചപ്പോൾ ഫോൺ എടുക്കാതെയുമായി.തങ്ങളുടെ ശേഷിക്കപ്പുറമുള്ള തിരുവോണ സദ്യ ബുക്കിംഗ് ഓർഡറുകൾ സ്വീകരിച്ചത് ആകാം ഈ കുഴപ്പങ്ങൾക്ക് കാരണം എന്ന് പറയപ്പെടുന്നു.ഏതാണ്ട് ഒന്നര വരെ കാത്തു നിന്ന ശേഷം മടുത്ത ഉപഭോക്താക്കൾ തിരികെ പോവുകയായിരുന്നു

By admin