തിരൂർ: 2019 ൽ തിരൂർ മലയാളം സർവ്വകലാശാലക്ക് വേണ്ടി പതിനൊന്ന് ഏക്കർ ഭൂമി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രിയായ വി. അബ്ദുറഹ്മാൻ്റെ സഹോദരൻ്റെ മക്കളിൽ നിന്നും ഇടത്പക്ഷത്തിന് വേണ്ടി കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച അബ്ദുൽ ഗഫൂറിൻ്റെയും അദ്ദേഹത്തിൻ്റെ സഹോദരങ്ങളിൽ നിന്നുമാണ് വലിയ തുക നൽകി സർക്കാർ ഏറ്റെടുത്തത്. പരമാവധി ഒരു സെൻ്റിന് രണ്ടായിരം രൂപ മുതൽ നാൽപ്പതിനായിരം രൂപ വരെ വിലയുള്ള ഭൂമിയാണ് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നൽകി വാങ്ങിയതെന്നും ഫിറോസ് പറഞ്ഞു.
സർക്കാറുമായുള്ള ഇടപാട് നടക്കുന്നതിൻ്റെ കുറച്ച് മുമ്പ് മാത്രമാണ് ഇവർ ചെറിയ വിലക്ക് ഭൂമി വാങ്ങിയത്. നിർമ്മാണം ഒരു തരത്തിലും നടക്കാൻ സാധ്യതയില്ലാത്ത കണ്ടൽക്കാടുകൾ തിങ്ങി നിറഞ്ഞ പരിസ്ഥിതി ദുർബല പ്രദേശമായ സ്ഥലം വാങ്ങിയതിൻ്റെ ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീലിനാണ്. തൻ്റെ സ്വന്തക്കാരിൽ നിന്നും ഉപയോഗ ശൂന്യമായ ഭൂമി വാങ്ങിയത് വഴി കോടികളാണ് സർക്കാറിന് കെടി ജലീൽ നഷ്ടപ്പെടുത്തിയതെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി.
2019ൽ മുഖ്യമന്ത്രി ഓൺലൈനായി തറക്കില്ലിട്ടെങ്കിലും ആറ് വർഷമായിട്ടും ഒരു നിർമ്മാണ പ്രവൃത്തി പോലും തുടങ്ങാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല, മാത്രവുമല്ല പുതിയ ഭൂമിയുടെ അന്വേഷണത്തിലാണ് സർക്കാറെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഈ ഭൂമി നിർമ്മാണ പ്രവൃത്തിക്ക് അനുയോജ്യമായതല്ലെന്ന് പ്രതിപക്ഷ ജനപ്രതിനിധികളും യുവജന സംഘടനകളും നിരന്തരം പറഞ്ഞിട്ടും അധികാരഗർവ്വ് കൊണ്ട് തള്ളിക്കളയുകയാണ് സർക്കാറും കെ.ടി ജലീലും ചെയ്തത്. ചെന്നൈ ഹരിത ട്രൈബ്യൂണൽ വരെ ഇത് സ്ഥീരീകരിച്ചതിനാൽ സർക്കാറിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചെലവായ 17 കോടി 65 ലക്ഷം രൂപ കെ.ടി ജലീലിൽ നിന്നും ഈടാക്കണമെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും ഫിറോസ് വ്യക്തമാക്കി.