കണ്ണൂര്‍: തളിപ്പറമ്പ് കെ വി കോംപ്ലക്‌സില്‍ ഉണ്ടായ തീപിടിത്തത്തിനിടെ തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങള്‍ സൂത്രത്തില്‍ അടിച്ചുമാറ്റിയ യുവതി സിസിടിവിയില്‍ കുടുങ്ങി. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് പിടിയിലായ യുവതിയെ എടുത്ത സാധനങ്ങളുടെ വില ഈടാക്കിയശേഷം താക്കീത് ചെയ്ത് വെറുതെ വിട്ടു.
പര്‍ദ ധരിച്ച് എത്തിയ യുവതി സാധനങ്ങള്‍ കവര്‍ന്ന് മുങ്ങുന്നത് തീപിടിത്തം അറിഞ്ഞ് ഓടിക്കൂടിയ ജനക്കൂട്ടത്തിനിടെ ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. എന്നാല്‍ പിന്നീട് ഇതിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും സമീപ പഞ്ചായത്തില്‍ നിന്നുള്ള യുവതിയാണെന്ന് തിരിച്ചറിയുന്നതും പിടിയിലാവുന്നതും. എന്നാല്‍ മാനുഷിക പരിഗണനവച്ച് എടുത്ത സാധനങ്ങളുടെ വിലയീടാക്കി യുവതിയെ വിട്ടയയ്‌ക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തയ്യാറാവുകയായിരുന്നു.