കൊച്ചി: നമ്മുടെ രാജ്യത്തിന്റെ തീരം കാക്കുന്ന തീരരക്ഷാസേനയുടെ പ്രവര്‍ത്തനം ഏറെ മികവുറ്റതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തീരരക്ഷാസേനയുടെ 49-ാം റെയ്‌സിങ് ഡോയോടനുബന്ധിച്ച് ഇന്നലെ നടന്ന ഒരു ദിവസം കടലില്‍ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ തീരദേശമേഖലകള്‍ കോസ്റ്റ്ഗാര്‍ഡിന്റെ കൈകളില്‍ ഭദ്രമാണ്. ഇന്ത്യന്‍ നേവിയെപ്പോലെ തന്നെ നമ്മുടെ രാജ്യത്തിന്റെയും മറ്റ് രാജ്യങ്ങളില്‍ നിന്ന്് ഇവിടേക്ക് എത്തുന്ന കപ്പലുകളുടെയുമടക്കം സംരക്ഷണം നടത്തുന്നത് തീരരക്ഷാസേനയാണ്. ഇതിനായി കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍ പോലുള്ള എല്ലാ സജ്ജീകരണവും സേനയ്‌ക്കുണ്ട്. കൂടുതല്‍ ആളുകള്‍ സേനയിലേക്ക് എത്തണമെന്നും മികച്ച പ്രവര്‍ത്തനത്തിന് കോസ്റ്റ്ഗാര്‍ഡിനെ അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
രാവിലെ 9ന് ഫോര്‍ട്ടുകൊച്ചി ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐസിജിഎസ് സമര്‍ത്ഥ് എന്ന കപ്പലിലേക്ക് എത്തിയ ഗവര്‍ണര്‍ക്ക് ആചാരപരമായ ഗാര്‍ഡ് പരേഡ് നല്‍കിയാണ് സ്വീകരിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി ഗവര്‍ണറെ കപ്പലില്‍ സ്വീകരിച്ചു. തുടര്‍ന്ന് കപ്പല്‍ കടലിലേക്ക് നീങ്ങി. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട നിരവധി അതിഥികള്‍ പരിപാടിക്കെത്തിയിരുന്നു.
പിന്നാലെ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, കടലിലെ മലിനീകരണത്തിനെതിരായ നടപടി, കടല്‍ക്കൊള്ളക്കാരെ പിടികൂടല്‍, ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം, സാധനസാമഗ്രികള്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് മാറ്റുന്നത്, ലക്ഷ്യസ്ഥാനത്തേക്ക് വെടിയുതിര്‍ക്കുന്നത് എന്നിവയുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, എയര്‍ക്രാഫ്റ്റുകള്‍ എന്നിവ സമീപത്തുകൂടെ കടന്നുപോയി ഗവര്‍ണര്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമര്‍ഥ്, സക്ഷം, അര്‍ണവേശ്, അഭിനവ് എന്നിവയും ബോട്ടുകളായ സി-410, സി-162, എബി ഊര്‍ജ പ്രവാഹ, എയര്‍ക്രാഫ്റ്റുകളായഡോര്‍ണിയര്‍, ചേതക് എന്നിവയും പരിപാടിയില്‍ പങ്കെടുത്തു.