ന്യൂദൽഹി : ഭീകരവാദ ഭീഷണികളെ ഫലപ്രദമായി നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യയുടെ ആവശ്യകതയെ ഊന്നിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവിരുദ്ധ കോൺഫറൻസ് 2024ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരാക്രമണങ്ങൾക്ക് ഇപ്പോൾ അതിരുകളില്ലെന്നും അവ അദൃശ്യവുമാണെന്നും പറഞ്ഞ അമിത് ഷാ അവയെ കൃത്യമായി നേരിടാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യകൾ കൈമുതലാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഇതിനായി അവർക്ക് പരിശീലനം നൽകേണ്ടിവരും. വരും ദിവസങ്ങളിൽ തങ്ങൾ ഇത് പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
കൂടാതെ ഭീകരതയെ ചെറുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ദേശീയ തീവ്രവാദ വിരുദ്ധനയവും തന്ത്രവും കൊണ്ടുവരുമെന്നും ഷാ പ്രഖ്യാപിച്ചു. തീവ്രവാദത്തോടുള്ള പ്രധാനമന്ത്രി മോദിയുടെ സീറോ ടോളറൻസ് നയം ഇപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും അതിനെ നേരിടാൻ രാജ്യം ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തിട്ടുണ്ടെന്നും ഷാ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞു. ഇതുവരെ 36,468 പോലീസുകാരാണ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും അതിർത്തികളുടെ സുരക്ഷയ്‌ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചത്. പരമോന്ന ത്യാഗം ചെയ്ത അവരുടെ ആത്മാവിന് എല്ലാവരോടും ആദരാഞ്ജലികൾ അർപ്പിക്കാനും രാജ്യത്തിന് വേണ്ടി അവരുടെ കുടുംബങ്ങൾക്ക് നന്ദി പറയാനും താൻ ആഗ്രഹിക്കുന്നുവെന്നും ഷാ പറഞ്ഞു.
കൂടാതെ നരേന്ദ്രമോദി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പത്ത് വർഷത്തിനുള്ളിൽ ഭീകരതയ്‌ക്കെതിരെ ശക്തമായ തന്ത്രമാണ് സർക്കാർ പിന്തുടർന്നത്. തീവ്രവാദത്തിനെതിരായ സഹിഷ്ണുതയില്ലാത്ത അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ ഇന്ന് അംഗീകരിച്ചിരിക്കുന്നു. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ശക്തമായ ആവാസവ്യവസ്ഥ ഇന്ത്യയ്‌ക്കുള്ളിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് ദ്വിദിന ഭീകര വിരുദ്ധ കോൺഫറൻസ്-2024 സംഘടിപ്പിക്കുന്നത്. ഭീകരവാദത്തിന് തടയിടൽ, വളർന്നുവരുന്ന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട അവസരങ്ങളും വെല്ലുവിളികളും, അന്താരാഷ്‌ട്ര നിയമ സഹകരണം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങളിലാണ് ദ്വിദിന സമ്മേളനത്തിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, തീവ്രവാദ വിരുദ്ധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസികൾ, വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നിയമം, ഫോറൻസിക്‌സ്, സാങ്കേതികവിദ്യ തുടങ്ങിയ അനുബന്ധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവർ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.