കൊച്ചി: ‘തുടരും’ എന്ന തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത കോടികള്‍ കൊയ്ത് മുന്നേറുന്ന സിനിമയുടെ കഥ എഴുതിയത് സുനില്‍ എന്ന ഫൊട്ടോഗ്രാഫറാണ്. ഇദ്ദേഹത്തിന് ഒരു യാത്രയ്‌ക്കിടെ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് ആ സിനിമ ജനിക്കുന്നത്. സിനിമയിലെ നായകനായ ഷണ്‍മുഖന്‍ എന്ന കഥാപാത്രം ഉണ്ടാകുന്നത് കൊടുങ്ങല്ലൂരില്‍ വെച്ചുണ്ടായ അനുഭവത്തില്‍ നിന്നാണെന്ന് സുനില്‍ പറയുന്നു.
“ഏകദേശം 12 വർഷങ്ങൾക്കു മുമ്പാണ് ഷണ്‍മുഖൻ എന്ന കഥാപാത്രം എന്റെ മനസ്സിൽ പതുക്കെ രൂപമെടുക്കുന്നത്. ഏകദേശം അത്രയും കാലം മുൻപ് തന്നെ കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് വളരെ സങ്കടത്തോടെ നോക്കി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കാണാനിടയായി. ആ വ്യക്തിയാണ് ഷണ്മുഖനായി എന്റെ മനസ്സിൽ രൂപം കൊണ്ടത്. തന്റെ തെറ്റുകൊണ്ടല്ലാതെ തന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട വാഹനം പൊലീസ് പിടിച്ചെടുക്കുകയും ആ വാഹനം തിരിച്ചു കിട്ടാൻ നിർവാഹം ഇല്ലാതെ നിസ്സഹായനായി സ്‌റ്റേഷൻ വളപ്പിൽ നിറകണ്ണുകളോടെ നോക്കുന്ന അയാളുടെ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചു. സ്വന്തം വാഹനത്തെ ജീവനോളം സ്നേഹിക്കുന്ന ഒരുപാട് ഡ്രൈവർമാരുടെ ജീവിതാനുഭവങ്ങൾ ഷണ്‍മുഖൻ എന്ന കഥാപാത്രത്തിന് ആഴം കൂട്ടി. പിന്നീടുള്ള ജീവിതയാത്രയിലാണ് തുടരുമെന്ന സിനിമയുടെ കഥയും ഷണ്‍മുഖനും ഒക്കെ പൂർണ രൂപത്തിൽ മനസ്സിലേക്ക് എത്തുന്നത്. “- ഒരു അഭിമുഖത്തില്‍ സുനില്‍ പറയുന്നു.
“കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിൽ കണ്ട നിസ്സഹായനായ ആ മനുഷ്യൻ ഈ സിനിമയ്‌ക്ക് ഒരു പ്രചോദനമായി എന്നത് ഒഴിച്ച് നിർത്തിയാൽ ബാക്കി കഥയെല്ലാം സാങ്കല്‍പികമാണ്. ഈ സിനിമയുടെ തിരക്കഥ ഞാനും സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് എഴുതുന്നത്. അദ്ദേഹത്തിന്റെ സംഭാവന വളരെ മികച്ചതായിരുന്നു. സിനിമ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് അറിയുന്നതിൽ സന്തോഷം. ഈ സിനിമയുടെ ഫസ്‌റ്റ് കട്ട് കോപ്പി കണ്ടപ്പോഴേ വിജയം മനസ്സിൽ ഉറപ്പിച്ചതാണ്.”- സുനില്‍ പറയുന്നു.
സുനില്‍ ഒരു പ്രൊഫഷണൽ ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറാണ്. ഫോട്ടോകള്‍ തേടി അലയുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ യാത്രയിൽ കണ്ട പല ജീവിതാനുഭവങ്ങളും ‘തുടരും’ എന്ന സിനിമയുടെ കഥാ രചനയെ പിന്തുണച്ചിട്ടുണ്ട്. “ജീവിതാനുഭവങ്ങൾ മനുഷ്യന്റെ വൈകാരിക തലത്തെ അടുത്തറിയാൻ നമ്മളെ സഹായിക്കും. ജീവിതം എന്താണെന്ന് പഠിപ്പിക്കും. അത്തരത്തിൽ ഞാൻ കണ്ടതും കേട്ടതുമായ അനുഭവങ്ങളിൽ ഒന്നാണ് ദുരഭിമാനകൊല. തുടരുമെന്ന സിനിമയ്‌ക്ക് വൈകാരിക തലത്തിൽ കഥ പറയാൻ ഈ വിഷയം വളരെ സഹായകമായി. ആഴ്‌ചയിൽ ഒരിക്കലെങ്കിലും നമ്മൾ പത്രത്തിലോ ടിവിയിലോ ദുരഭിമാന കൊലകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാറുണ്ട്. ദുരഭിമാന കൊലയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സംഭവത്തെ ആസ്‌പദമാക്കി അല്ല തുടരും എഴുതിയിട്ടുള്ളത്”. – സുനില്‍ പറയുന്നു.