പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്. ഒരാള്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിന്റെ ഭാഗമായി ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. ഞായറാഴ്ച രാത്രി 7.53-ഓടെയാണ് സിന്ദിര്‍ഗിയില്‍ ആദ്യ ഭൂചലനം സംഭവിച്ചത്. ഇതിനുപിന്നാലെ 3.5 മുതല്‍ 4.6 വരെ തീവ്രത രേഖപ്പെടുത്തിയ ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി. ഇസ്താംബുള്‍, ടൂറിസം കേന്ദ്രമായ ഇസ്മിര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടര്‍ന്ന് സിന്ദിര്‍ഗിയില്‍ 16 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. നഗരമധ്യത്തിലെ മൂന്നുനില കെട്ടിടം ഉള്‍പ്പെടെ തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് 81 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 29 പേരെ പരിക്കേറ്റനിലയിലും കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് മന്തി അലി യെര്‍ലിക്കായ മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടേറെപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെടുത്ത് രക്ഷിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.