പഴയങ്ങാടി: കണ്ണൂരിന്റെ നെല്ലറയായ ഏഴോം പഞ്ചായത്തിലെ കൈപ്പാടുകളിലും കരനെല്‍കൃഷി പാടങ്ങളിലെയും ഏക്കര്‍ കണക്കിന് നെല്‍കൃഷി തുലാമഴയില്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ആഴ്ച കൊയ്ത്ത് ആരംഭിച്ചതോടെയാണ് മഴ ശക്തമായത്. അതോടെ നെല്‍വയലുകള്‍ നിറഞ്ഞൊഴുകുകയാണ്. കെപ്പാടുകളിലേക്ക് വെള്ളം കയറിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ തോണികളിലൂടെയാണ് കൊയ്ത്ത് നടത്തിയത്.
എന്നാല്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച കൊയ്ത്ത് പൂര്‍ണമായും നിലച്ചു. നല്ല വെയില്‍ കിട്ടിയാല്‍ മാത്രമേ ഇതിനകം കൊയ്തെടുത്ത നെല്ലുകള്‍ മെതിക്കാനാകൂ. യന്ത്രങ്ങള്‍ കൈപ്പാടുകളില്‍ ഉപയോഗിക്കാന്‍ പ്രായോഗികമല്ലാത്തതും കൊയ്ത്ത് ബുദ്ധിമുട്ടാക്കുന്നുണ്ട്.ഏഴോം പഞ്ചായത്തില്‍ കരനെല്‍കൃഷിയും കൈപ്പാട് കൃഷിയുമായി ഏകദേശം 300 ഏക്കര്‍ നെല്‍കൃഷിയാണ് നടക്കുന്നത്. ഈ വര്‍ഷം കാലവര്‍ഷം നീണ്ടുനിന്നതും മഴയിലെ വ്യതിയാനങ്ങളും കൃഷിക്ക് വെല്ലുവിളിയായെങ്കിലും വിളവെടുത്ത പ്രദേശങ്ങളില്‍ മികച്ച ഉല്‍പാദനം ലഭിച്ചതോടെ കര്‍ഷകര്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ശക്തമായ തുലാമഴ അതിനെ പ്രതിസന്ധിയിലാക്കുകയാണ്.
വെള്ളത്തില്‍ വീണാലും നെല്‍മണികള്‍ വേഗത്തില്‍ ഉതിരാതെ നിലനില്‍ക്കാന്‍ വികസിപ്പിച്ചെടുത്ത ഏഴോം 1,2,3,4 എന്ന പേരിലുള്ള നെല്‍വിത്തുകള്‍ കൈപ്പാട് കൃഷിയില്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. എങ്കിലും വെള്ളം ദിവസങ്ങളോളം നിലനില്‍ക്കുന്ന സാഹചര്യം കര്‍ഷകര്‍ക്ക് ആശങ്കയാകുന്നു. കരനെല്‍കൃഷിക്കായി ഉമ, ജ്യോതി, ഓര്‍ക്കഴമ, ജയ തുടങ്ങിയ വിത്തുകളും ചില ഭാഗങ്ങളില്‍ കുതിരുവിത്തും ഉപയോഗിക്കുന്നുണ്ട്.തുടര്‍ച്ചയായ മഴ മൂലം ഇപ്പോള്‍ കൊയ്ത്ത് പൂര്‍ണമായും നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍.