• Thu. Mar 13th, 2025

24×7 Live News

Apdin News

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം: വി.ഡി സതീശന്‍

Byadmin

Mar 13, 2025


നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തിലെ മനസാക്ഷി തുഷാര്‍ ഗാന്ധിക്കൊപ്പമാണെന്നും ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ് തുഷാര്‍ ഗാന്ധിയെ അപമാനിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു. ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ തമസ്‌കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനച്ഛാദനം ചെയ്ത് തുഷാര്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാര്‍ ഗാന്ധിയെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെങ്കിലും വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തുഷാര്‍ ഗാന്ധി, നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു. ഗാന്ധിജി കീ ജയ് എന്ന് വിളിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.

 

By admin