ആര്‍.ജികര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിയുടെ മാതാവ്.
കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെയാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് മാതാവ് മാലതി റോയിയുടെ പ്രതികരണം.
മൂന്ന് പെൺകുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം. പ്രതിയായ തൻ്റെ മകൻ ശിക്ഷ അർഹിക്കുന്നുവെന്നും എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെയെന്നും തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അമ്മയുടെ പ്രതികരണം.
സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് സഹോദരി സബിതയും അഭിപ്രായപ്പെട്ടു. സഞ്ജയ് റോയ് പൊലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കല്‍ പോലും മാതാവോ സഹോദരിയോ അയാളെ കാണാന്‍ ജയിലില്‍ എത്തിയിരുന്നില്ല.
നിര്‍ഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചത്. അതിക്രൂരമായ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വര്‍ഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നാണ് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വ്യക്തമാക്കിയത്.
രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം.വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയിരുന്നു.
2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി പുറത്തുപോയി വീണ്ടും മദ്യപിച്ചു.
തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു . പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച പ്രതി, അതിക്രമം തടഞ്ഞ ട്രെയിനി ഡോക്ടറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.