
തിരുവനന്തപുരം (11-12-2025): ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തതിൽ പിശകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്ത് സുരേഷ് ഗോപി വോട്ട് ചെയ്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വോട്ട് സംബന്ധിച്ച് വിമർശനം ഉയർത്തി കോൺഗ്രസും സിപിഐയും രംഗത്തെത്തിയിരുന്നു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസമാണെന്ന് പറഞ്ഞാണ് തൃശ്ശൂരിൽ വോട്ടുചെയ്തത്. ഇപ്പോൾ അദ്ദേഹം തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും വോട്ടു ചെയ്തു. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രമന്ത്രിയും മറുപടി പറയണമെന്നായിരുന്നു തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടത്.
എന്നാൽ, എവിടെയാണ് വോട്ടെന്ന് അധികൃതർ അറിയിച്ചതനുസരിച്ചാണ് താൻ വോട്ടുചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു . ഇതിൽ എനിക്ക് പിഴവ് പറ്റിയെങ്കിൽ ശിക്ഷിക്കാം. തിരുവനന്തപുരത്താണ് വോട്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുശേഷം തൃശ്ശൂരിലെ നെട്ടിശ്ശേരിയിൽ താമസിച്ചിരുന്ന വീട് വിറ്റു. അവിടത്തെ ബിഎൽഒയെ വിളിച്ച് പേര് ഒഴിവാക്കി.
താമസിക്കാത്ത വീട്ടിൽനിന്ന് വോട്ടുചെയ്യാൻ പോയിരുന്നെങ്കിൽ ഇവരെന്നെ കുരുക്കില്ലേ. അത് സാധിക്കാതെ പോയതിന്റെ വിഷമമാണിത്. തിരുവനന്തപുരത്ത് വോട്ടുചെയ്യാൻ പോയത് പരസ്യമായിത്തന്നെയാണ്. ഇതിനുമുൻപ് മാധ്യമങ്ങളെയും കണ്ടിരുന്നു. ആർക്കാണ് പ്രശ്‌നമെന്നറിയില്ല. ഹീനമായ പ്രവർത്തനമാണിതെല്ലാം. ആർക്കും വ്യക്തിപരമായ വിശദീകരണം തരേണ്ടതില്ല. പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.