ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിനെതിരായ സിപിഎമ്മിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധന നടത്തിയതും പണം പിടിച്ചെടുത്തതുമെന്നും കോടതി വിലയിരുത്തി.