• Sun. Oct 13th, 2024

24×7 Live News

Apdin News

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് നൽകാനാകില്ലെന്ന് സർക്കാർ

Byadmin

Oct 13, 2024


തൃശൂർ പൂരം കലക്കുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ. റിപ്പോർട്ടർ ടിവി നൽകിയ വിവരാവകാശ അപേക്ഷയിലാണ് എഡിജിപി എം ആർ അജിത്ത് കുമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകാനാകില്ലെന്ന് അറിയിച്ചത്. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന് വ്യക്തമാക്കിയാണ് വിവരാവകാശം തള്ളിയത്. വിഷയം വിവാദമായതോടെയാണ് അന്വേഷണം നടത്തിയതെങ്കിലും റിപ്പോർ‌ട്ട് പുറത്തുവിടില്ലെന്നാണ് സർക്കാർ നിലപാട്.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പൂരം കലങ്ങിയതിൽ ​ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറാകുന്നുമില്ല. ആഭ്യന്തരവകുപ്പാണ് രേഖ പുറത്തുവിടില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. എന്നാൽ സർ‌ക്കാർ എന്തിന് അന്വേഷണ റിപ്പോർട്ട് മറയ്ക്കണമെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് നേരത്തെ സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാർ അടക്കം ആവശ്യപ്പെട്ടിരുന്നു. സുനിൽ കുമാർ ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷയും നൽകിയിരുന്നു. റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ നിലപാട്. പൂരം കലക്കലുമായി ബന്ധപ്പെട്ട് ​ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിലും സർക്കാർ അന്വേഷണ റിപ്പോർട്ട് സർപ്പിച്ചിട്ടില്ല.

By admin