തൃശൂര്‍ : ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കൊടുങ്ങല്ലൂരില്‍ ആരും മുതലക്കണ്ണീര്‍ ഒഴുക്കേണ്ടതില്ലെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് കുറിക്ക് കൊളളുന്ന മറുപടിയുമായി സഹോദരി ഭര്‍ത്താവും കൊടുങ്ങല്ലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഡോ. വര്‍ഗീസ് ജോര്‍ജ്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രതികരിച്ച ഡോ. വര്‍ഗീസ് ജോര്‍ജ് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ലെന്നും പരിഹസിച്ചു.
ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയമാണ് താന്‍ അംഗീകരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് താന്‍ ഒറ്റയ്‌ക്ക് പോയി കല്ലറയില്‍ തിരി കത്തിച്ചു മടങ്ങിയിരുന്നു. തന്റെ പേര് ചേര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കി എന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ചാണ്ടി ഉമ്മന്‍ വിമര്‍ശനം ഉയര്‍ത്തിയത്. അടിയുറച്ച കോണ്‍ഗ്രസുകാരന്റെ പേരില്‍ ആരും മുതലെടുക്കാന്‍ വരണ്ട. ഒ ജെ ജനീഷ് എന്റെ സഹോദരതുല്യനാണ്. ഒ ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്. അദേഹത്തിന്റെ പേരില്‍ ഇവിടെ ആരും മുതലക്കണ്ണീര്‍ ഒഴുക്കേണ്ടതില്ല-ചാണ്ടി ഉമ്മന്‍ പറഞ്ഞു.