
ന്യൂദൽഹി: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ പൗരന്മാർക്കുണ്ടാകുന്ന ഓരോ പരിക്കിനും സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് സുപ്രീംകോടതി. തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ കുട്ടികൾക്കോ വയോധികർക്കോ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ സംസ്ഥാന സർക്കാർ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
തെരുവുനായ ശല്യം തടയാൻ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അധികാരികൾക്കെതിരെ കോടതി രൂക്ഷവിമർശനം. നായ്‌ക്കൾക്ക് ഭക്ഷണം നൽകുന്നവർ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണം. എന്തിനാണ് നായ്‌ക്കളെ പൊതുവഴികളിൽ അലഞ്ഞുതിരിയാനും ആളുകളെ കടിക്കാനും വിടുന്നതെന്ന് വിക്രം നാഥ് ചോദിച്ചു. തെരുവുനായ പ്രശ്നം വൈകാരികമായ ഒന്നാണെന്ന് അഭിഭാഷകർ വാദിച്ചപ്പോൾ, ‘വികാരങ്ങൾ ഇപ്പോൾ നായ്‌ക്കൾക്ക് വേണ്ടി മാത്രമാണെന്ന് തോന്നുന്നു’ എന്നായിരുന്നു കോടതിയുടെ മറുപടി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരുവുനായ ശല്യം നേരിടുന്നതിൽ അധികൃതർ കാണിക്കുന്നത് ഭരണപരമായ അനാസ്ഥ മാത്രമല്ല, മറിച്ച് സംഘടിത പരാജയം കൂടിയാണെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണകാരികളായ നായ്‌ക്കളെയും റാബീസ് ബാധിച്ചവയെയും ഒരു കാരണവശാലും പൊതുസ്ഥലങ്ങളിൽ വിടരുതെന്നും കോടതി ആവർത്തിച്ചു.