തിരുവനന്തപുരം: വേനല്‍ക്കാലമായതോടെ തേനീച്ചക്കൂടുകള്‍ നാട്ടില്‍ ഭീതി പരത്തുകയാണ്. വന്‍മരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തേനീച്ചകള്‍ ഇപ്പോള്‍ വന്‍കിട കെട്ടിടങ്ങളിലാണ് കൂടുകൂട്ടുന്നത്. തിരക്കേറിയ ജങ്ഷനുകളിലും ആശുപത്രികെട്ടിടങ്ങളിലും സ്‌കൂള്‍ പരിസരത്തുമൊക്കെ തേനീച്ചകള്‍ കൂടുകൂട്ടുന്നു. ശക്തമായ കാറ്റോ പക്ഷികള്‍ ആക്രമിക്കുകയോ ചെയ്താല്‍ തേനീച്ചകള്‍ കൂട്ടമായി പറന്നുയരും.
പരിസരത്തുള്ളവരെയെല്ലാം ആക്രമിക്കും. ഇത്തരം തേനീച്ച കൂടുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. കുടപ്പന കളക്ടറേറ്റിൽ ഇന്നലെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. കളക്ട്രേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ രണ്ട് പേര്‍ക്കും കളക്ടേറ്റിലെ ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച തേനീച്ചകള്‍ കൂട്ടത്തോടെ ഇളകി 100 ഓളം പേര്‍ക്ക് കുത്തേറ്റിരുന്നു. അതിനുശേഷമുണ്ടായ ശക്തമായ മഴ തേനീച്ചകളുടെ ആക്രമണം ഇല്ലാതാക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
കളക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ 3 തേനീച്ചക്കൂടുകളാണുള്ളത്. ഇവ ജീവനക്കാര്‍ക്ക് ഭീഷണിയാണ്. 3 മാസം മുന്‍പ് ഒരു കൂട് അഗ്‌നിരക്ഷാ സേന നീക്കി. ഇപ്പോഴുള്ള മൂന്നു കൂടുകളും നീക്കണമെന്നാണ് ആവശ്യം. പെസ്റ്റ് കണ്‍ട്രോളറുടെ സഹായത്തോടെ പ്രാദേശിക വിദഗ്ധരെ വിളിച്ചായിരിക്കും കൂടുകള്‍ നീക്കുക. ആക്രമണത്തില്‍ പരിക്കേറ്റ ഏഴുപേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരൂര്‍ക്കട ആശുപത്രിയിലും കുത്തേറ്റവര്‍ കിടത്തി ചികിത്സയിലുണ്ട്.