മലയാളവര്‍ഷത്തിലെ മേടം പത്തിനാണു പത്താമുദയം(ഇത്തവണ ഏപ്രില്‍ 23ന്). പരമ്പരാഗത ജ്യോതിഷ വിശ്വാസപ്രകാരം അന്നു സൂര്യന്‍ അത്യുച്ചത്തില്‍ എത്തും. മേടം രാശിയില്‍ പത്താമതു ഭാഗ(ഡിഗ്രി) ആണ് സൂര്യന്റെ അത്യുച്ചം. സൂര്യന്‍ ഏറ്റവും ബലവാനാകുന്നത് ഈ ദിവസമത്രേ. കര്‍ഷകര്‍ക്കു വളരെ പ്രധാനമാണ് ഈ ദിനം. പണ്ടൊക്കെ വിഷുവിനു കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറും. എന്നാല്‍ വിതയ്‌ക്കാനും തൈ നടാനുമൊക്കെ തെരഞ്ഞെടുത്തിരുന്നത് പത്താമുദയമാണ്. പത്താമുദയത്തിനു വിതയ്‌ക്കാനും തൈ നടാനും നക്ഷത്രമോ തിഥിയോ കരണമോ നോക്കേണ്ടതില്ല എന്നാണു പഴമക്കാര്‍ പറയാറ്. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.
ഈ ദിവസം സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന പതിവുമുണ്ട്. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജ നടക്കും. വീടു പാലുകാച്ചിനും ഈ ദിനം ഉത്തമം. പത്താമുദയത്തില്‍ വെള്ളിമുറം കാണിക്കല്‍ എന്നൊരു ചടങ്ങ് പണ്ട് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി(പൂജാപ്പം) പ്രസാദമായി കഴിക്കുകയും ചെയ്യും.
പണ്ട് പൂജാപ്പത്തിനുള്ള വെളിച്ചെണ്ണ എടുത്തിരുന്നത് തേങ്ങ വരട്ടി കുത്തി പറ്റിച്ചായിരുന്നു. അരിപ്പൊടി നെല്ല് കുത്തി അരിയാക്കി അതുപൊടിച്ചും. പൂജാപ്പത്തിനുള്ള കൂട്ടിനുമുണ്ട് ഏറെ പ്രത്യേകതകള്‍. പക്ഷേ ഇന്ന് എല്ലാം എളുപ്പവഴിയിലായി.
പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പഴമക്കാര്‍ പറഞ്ഞിരുന്നു. ആചാരവും വിശ്വാസവും എന്നതിനപ്പുറം മണ്ണും മഴയും വിളവുമെല്ലാം പഴമുറക്കാര്‍ക്കു നേരനുഭവമായിരുന്നു. മലയാളികള്‍ പത്താമുദയം കൊണ്ടാടുന്നതില്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിര്‍മ്മയുണ്ട്.
പൂര്‍ണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു പണ്ട്. മഴമാത്രമായിരുന്നു ആശ്രയം. കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും കാര്യത്തില്‍ സമ്പന്നമായിരുന്നു അക്കാലം. ചാലിടളും വിത്തിറക്കലും തൈനടലുമെല്ലാം ഞാറ്റുവേലകള്‍ നോക്കി പഴമക്കാര്‍ ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും.അങ്ങനെയാണ് പത്താമുദയം നടുതലകള്‍ നടാനും വിത്തിറക്കാനും ഏറ്റവും നല്ല ദിവസമായി പഴമക്കാര്‍ തീര്‍ച്ചപ്പെടുത്തിയതും.
ദക്ഷിണായന രേഖയില്‍ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായണത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളില്‍ വരുന്ന ദിവസമാണ് വസന്തവിഷുവം. രാവും പകലും തുല്യമായി വരുന്ന ദിവസം ഇതാണ്. തുടര്‍ന്ന് വരുന്ന മേട വിഷു സംക്രമമാണ് വിഷു ആയി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളില്‍ നാം പിന്തുടരുന്ന നിരയന രീതി അനുസരിച്ചു വിഷു സംക്രമം കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാര്‍ദ്ധഗോളത്തില്‍ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഒന്നാണിത്.
ഉഷ്ണകാലത്തിന്റെ പാരമ്യമായ മേടം പത്തിന് തൈകള്‍ നട്ടാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവര്‍ഷം തുടങ്ങും എന്ന കണക്ക് പണ്ടൊന്നും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈ നട്ട് ആദ്യ ദിവസങ്ങളില്‍ ചെറുതായി നനച്ചുകൊടുത്താല്‍ അത് മണ്ണില്‍ പിടിക്കുമെന്ന് പഴമക്കാര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.