• Mon. Jan 5th, 2026

24×7 Live News

Apdin News

തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജുവിന് തടവുശിക്ഷ

Byadmin

Jan 3, 2026



തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുന്‍മന്ത്രിയും എംഎല്‍എയുമായ ആൻ്റ്ണി രാജുവിന് തടവുശിക്ഷ. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തെ‌ാണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. തെളിവ് നശിപ്പിക്കലിന് മൂന്നു വർഷവും വ്യാജരേഖ ഉണ്ടാക്കിയതിന് രണ്ടു വർഷവും തടവാണ് വിധിച്ചത്. ഗൂഢാലോചനയ്‌ക്ക് ആറു മാസം തടവും അനുഭവിക്കണം.

കേസിൽ കോടതി ജീവനക്കാരനായിരുന്ന കെ. എസ് ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ഹര്‍ജിയും തടസ ഹര്‍ജിയും വാദപ്രതിവാദങ്ങളുമായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കേസാണിത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്.

1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.

പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും പത്തൊൻപത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

By admin