• Tue. Nov 5th, 2024

24×7 Live News

Apdin News

തൊഴിലാളികളെ മറന്ന സര്‍ക്കാര്‍ കയര്‍ദിനവും വിസ്മരിച്ചു

Byadmin

Nov 5, 2024


മുഹമ്മ: കയറിനേയും കയര്‍ തൊഴിലാളിയെയും ഓര്‍ക്കാന്‍ അധികാരികള്‍ മറന്നെങ്കിലും ആ ദിവസം മറക്കാന്‍ ഷാജിക്കാവില്ല. നവംബര്‍ അഞ്ചിനാണ് കയര്‍ ദിനം.

മുഹമ്മയിലെ സാമൂഹിക പ്രവര്‍ത്തകനായ സി.പിഷാജിയുടെ ചിന്തകളില്‍ വന്ന ആശയമാണ് കയര്‍ ദിനമായി മാറിയത്. അന്നത്തെ കയര്‍വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയുകയും, കയര്‍ ദിനം പ്രഖ്യാപിക്കുവാന്‍ രണ്ടായിരത്തി പന്ത്രണ്ടില്‍ സര്‍ക്കാര്‍ സന്നദ്ധമാവുകയും ചെയ്തു.

ഗ്രാമങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതോപാധിയായ പരമ്പരാഗത തൊഴിലായ കയറും കയറുമേഖലയും ഗ്രാമങ്ങളില്‍ നിന്നും അന്യമാകുന്ന സമയങ്ങളില്‍ കയര്‍ ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്.അധികാരികള്‍ ആകട്ടെ മുഖം തിരിച്ച് നില്‍പ്പും. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സിവിസിഎസ് ലിമിറ്റഡ് നമ്പര്‍ 326 എന്ന സംഘമാണ് കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കയര്‍ സംഘം. കൊല്ലവര്‍ഷം 1111 മാണ്ട് തുലാമാസം ഇരുപതാം തീയതി, 1935 നവംബര്‍ മാസം അഞ്ചിനാണ് കയര്‍സംഘം പിറന്നത്. ആ ദിവസം തന്നെയാണ്‌സര്‍ക്കാര്‍ കയര്‍ ദിനമായി പരിഗണിച്ചത്.

കയര്‍ ദിനം 2012ല്‍ പ്ര ഖ്യാപിക്കുകയും 2014 വരെ കയര്‍ ദിനാചരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് കയര്‍ ദിനം അധികാരികള്‍ മറക്കുകയോ മറന്നുപോവുകയോ ചെയ്യുകയായിരുന്നു. കയര്‍ ദിനം എന്ന ആശയം ഉന്നയിച്ച സി. പി ഷാജി നിരന്തരം അധികാരികളെയും മന്ത്രിമാരെയും നിവേദനങ്ങളിലൂടെയും പരാതികളിലൂടെയും പുറകെ സഞ്ചരിച്ചു എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.

ഈച്ചകള്‍ക്ക് പോലും ദിനങ്ങള്‍ ഉള്ള ഈ നാട്ടില്‍ ഒരു നാടിനെ പുരോഗമന ചിന്തകളിലേക്ക് ശക്തമായി സാന്നിധ്യമായി മാറിയ കേരളത്തിലെ കയര്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു ദിവസം കയര്‍ ദിനം ആയി പ്രഖ്യാപിക്കുവാന്‍ തൊഴിലാളികളുടെ സര്‍ക്കാര്‍ മറക്കുകയാണ്.

എന്നാലും ഒരു കാലഘട്ടത്തില്‍ അന്തിക്ക് തെളിക്കുന്ന മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പോലും കയര്‍ പിരിച്ചും പത്രം വായിച്ചു പുരോഗമന ചിന്തകളിലേക്ക് നയിച്ച, ആ തൊഴിലിന്റെയും, തൊഴിലാളികളുടെയും ജീവിതഗാഥകള്‍ തിരിച്ചറിയുന്നവര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വീണ്ടും ഈ ആശയം ഉന്നയിച്ച് ഷാജി അധികാരികളുടെ മുന്നിലേക്ക് പോകുന്നതും.



By admin